ആക്രി പെറുക്കുന്ന അതിഥി തൊഴിലാളിയുടെ വീട്ടിൽ കയറി പണം തട്ടിയെടുത്തു; കോട്ടയത്ത് രണ്ട് പേർ പിടിയിൽ


കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ സംക്രാന്തിയിലാണ് സംഭവം ഉണ്ടായത്. അന്യസംസ്ഥാന തൊഴിലാളിയുടെ പണം തട്ടിയ കേസില്‍ രണ്ടുപേരാണ് അറസ്റ്റിലായത്. കോട്ടയം പെരുമ്പായിക്കാട് പുത്തൻപറമ്പിൽ വീട്ടിൽ പീറ്റർ മകൻ ജയ്മോൻ എന്ന ജോൺസൺ (40), പെരുമ്പായിക്കാട് മുണ്ടകം ഭാഗത്ത് മുണ്ടകത്ത് വീട്ടിൽ മാമു മകൻ നൗഷാദ് (44) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രി സാധനങ്ങൾ പെറുക്കി ഉപജീവനം നടത്തുന്ന തൊഴിലാളികളെയാണ് ഇവർ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, സംക്രാന്തി പെരുമ്പായിക്കാട് ഭാഗത്ത് ആക്രി സാധനങ്ങൾ പെറുക്കി ഉപജീവനം നടത്തുന്ന തൊഴിലാളി താമസിച്ചിരുന്ന മുറിയിലേക്ക് ഇവർ അതിക്രമിച്ചു കയറി പണം പിടിച്ചു പറിക്കുകയായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അന്യസംസ്ഥാന തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് അന്വേഷണത്തിനു ശേഷം അറസ്റ്റിൽ രേഖപ്പെടുത്തിയത്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച് .ഓ ഷിജി കെ, എസ്.ഐ വിദ്യ, എ.എസ്.ഐ ബസന്ത്, സി.പി.ഓ സിജാസ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.