മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ലീഗ് സംസ്ഥാന സെക്രട്ടറി അടക്കം മൂന്ന് പേര്‍ അറസ്‌ററില്‍


മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ കല്ലായി അടക്കം മൂന്ന് പേരെ മട്ടന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. മൂന്ന് പേരെയും ഓരോ ലക്ഷം രൂപ സ്റ്റേഷന്‍ ജാമ്യ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വിട്ടയച്ചു.
അബ്ദുള്‍ റഹ്‌മാന്‍ കല്ലായിക്കൊപ്പം കോണ്‍ഗ്രസ് നേതാവ് എം.സി.കുഞ്ഞമ്മദ്, യു.മഹ്‌റൂഫ് എന്നിവരെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ ഒന്‍പത് മണി മുതല്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയിരുന്നു. മട്ടന്നൂര്‍ ടൗണ്‍ ജുമാ മസ്ജിദിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടു നടത്തിയെന്ന് ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.
വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണ പ്രവൃത്തിയില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായാണ2011 മുതല്‍ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവര്‍ക്ക് എതിരെ ഉയര്‍ന്ന പരാതി . 3 കോടി ചെലവായ നിര്‍മ്മാണത്തിന് പത്ത് കോടി രൂപയോളമാണ് കണക്കില്‍ കാണിച്ചതെന്ന് പരാതിയില്‍ പറയുന്നു. കണക്കില്‍ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്.
മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്ന പ്രതികള്‍ മൂന്നു പേരും മട്ടന്നൂര്‍ സിഐ ക്ക് മുമ്പാകെയാണ് ഇന്ന് രാവിലെ ഹാജരായത്. ജമാഅത്ത് കമ്മറ്റി ജനറല്‍ ബോഡി അംഗം മട്ടന്നൂര്‍ നിടുവോട്ടുംകുന്നിലെ എം.പി.ശമീറാണ് പരാതിക്കാരന്‍. എന്നാല്‍ ആരോപണം കെട്ടിച്ചമച്ചതാണെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നുമാണ് അബ്ദുള്‍ റഹ്‌മാന്‍ കല്ലായി അടക്കമുള്ളവര്‍ പറയുന്നത്. നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ ചോദ്യം ചെയ്ത് ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇത് പ്രകാരമാണ് പ്രതികളെ വിട്ടയച്ചത്. അതേസമയം രേഖകളുമായി നാളെ രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ വീണ്ടും ഹാജരാകാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.