NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരളത്തിലും പ്രമുഖരെ കൊല്ലാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടു; തെളിവായി രേഖകള്‍

കേരളത്തിലും പ്രമുഖ വ്യക്തികളെ കൊല്ലാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടെന്ന് എന്‍.ഐ.എ കോടതിയില്‍. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഈ വെളിപ്പെടുത്തല്‍. പ്രതികളുടെ വീടുകളില്‍ കണ്ടെത്തിയ രേഖകള്‍ ഇതിന് തെളിവാണെന്നും ഇതേപ്പറ്റി വിശദമായ അന്വേഷണം വേണമെന്നും എന്‍ഐഎ കോടതിയോട് ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. അതിനിടെ, കോടതിവളപ്പില്‍ മുദ്രാവാക്യം മുഴക്കിയ പ്രതികളെ കോടതി താക്കീത് ചെയ്തു. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് എന്‍ഐഎ കോടതി പറഞ്ഞു. പ്രതികളെ ഏഴുദിവസം കസ്റ്റഡിയില്‍ വിട്ടു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി ഇഡി രംഗത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നയിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗുഢാലോചന നടത്തിയെന്ന് ഇഡി ആരോപിച്ചു. ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പരാമര്‍ശം ഉള്ളത്. കേരളത്തില്‍ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജൂലൈയില്‍ ബീഹാറില്‍ നടന്ന റാലിക്കിടെ മോദിയെ വധിക്കാന്‍ നീക്കം നടത്തി എന്നാണ് ഇഡി പറയുന്നത്.

ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ശ്രമിച്ചതായി എന്‍ഐഎ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങളില്‍ ഭീതിവിതച്ച് സമാന്തര നീതിന്യായ വ്യവസ്ഥ സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചെന്ന പരാമര്‍ശവും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും പരോക്ഷമായി റിമാന്റ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ സൂചിപ്പിക്കുന്നുണ്ട്. യുവാക്കളെ ഐഎസ്ഐഎസ്, ലഷ്‌കര്‍-ഇ-തോയ്ബ, അല്‍ ഖയ്ദ മുതലായ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രേരിപ്പിക്കുന്നതായും രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *