NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കേരള, കണ്ണൂര്‍, എം ജി സർവകലാശാലകൾ പരീക്ഷകൾ മാറ്റി; PSC പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: കേരള, കണ്ണൂർ, എംജി സർവകലാശാലകൾ വെള്ളിയാഴ്ച (സെപ്റ്റംബർ 23) നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവ) മാറ്റി. എൻഐഎ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

എന്നാൽ വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല. പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് കേരള പി എസ് സി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം വെള്ളിയാഴ്ച സർവീസുകൾ മുടക്കമില്ലാതെ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.

ഡിജിപിയുടെ നിർദേശം

ഹര്‍ത്താല്‍ ദിനമായ വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡിഐജിമാര്‍, സോണല്‍ ഐജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *