NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്‌ഫോടകവസ്തു എറിഞ്ഞത് ജിതിന്‍, കേസില്‍ നിര്‍ണായകമായത് പ്രതി ധരിച്ച ടീ ഷര്‍ട്ട്: ക്രൈംബ്രാഞ്ച്

1 min read

എകെജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിനെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫിസില്‍ ജിതിനെ ചോദ്യം ചെയ്യുകയാണ്. ജിതിനാണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ജിതിന്‍ ധരിച്ച ടീ ഷര്‍ട്ടാണ് കേസില്‍ നിര്‍ണായകമായത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ടീ ഷര്‍ട്ട് ജിതിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുമുണ്ട്. സ്‌ഫോടകവസ്തു എറിഞ്ഞ ശേഷം സ്‌കൂട്ടറില്‍ ജിതിന്‍ ഗൗരീശപട്ടത്ത് എത്തി. ഇവിടെനിന്ന് ജിതിന്‍ കാറില്‍ കയറി പോയെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

ജിതിന്റെ ഉടമസ്ഥതയിലുള്ള കാര്‍ കണ്ടെത്തിയെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. ജിതിന്‍ ഫോണിലെ വിവരങ്ങള്‍ മായ്ച്ചു കളഞ്ഞെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

എകെജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ജിതിന് കേസുമായി ബന്ധം ഇല്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. ജിതിനെ ബോധപൂര്‍വ്വം പ്രതിയാക്കാനാണ് ശ്രമമെന്നും രാഷ്ട്രീയ പ്രേരിതമാണ് നടപടി എന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന-ജില്ലാ നേതാക്കള്‍ പറയുന്നത്.

അറസ്റ്റ് നാടകമാണെന്ന് വി ടി ബല്‍റാം പറഞ്ഞു. എകെജി സെന്‍റര്‍ ആക്രമണങ്ങളുമായി ജിതിന് ബന്ധമില്ല. എകെജി സെന്ററില്‍ ആക്രമണം നടത്തിയ ആളെത്തിയത് ഡിയോ വാഹനത്തിലാണ്. ജിതിന് ഡിയോ സ്‌കൂട്ടറില്ല. മറ്റ് ബന്ധങ്ങളുമില്ല.രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയിലുണ്ടായ ജനബാഹുല്യം കണ്ടും മനസിലാക്കിയുമുണ്ടായ അസ്വസ്ഥതയാണ് കസ്റ്റഡിയിലേക്ക് നയിച്ചതെന്നും ബല്‍റാം ആരോപിച്ചു.

സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു. ജിതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും അക്കാര്യം തള്ളിപ്പറയില്ലെന്നും വിടി ബല്‍റാം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് തവണ ജിതിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച ബല്‍റാം ഇപ്പോള്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ഇയാളെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.

തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്‌ഫോടക വസ്തും എകെജി സെന്ററിന് നേരെ എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ജിതിനെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് ജിതിന്‍.

Leave a Reply

Your email address will not be published.