‘ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം അസാധാരണ നടപടി’, മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് മുഖ്യമന്ത്രി


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവർണർ വാർത്താസമ്മേളനം നടത്തിയത് രാജ്യത്ത് തന്നെ അസാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സാധാരണ നിന്നു കൊണ്ട് പറയുന്നത് ഗവർണർ ഇരുന്നു കൊണ്ട് പറയുകയായിരുന്നു.ഗവർണർക്ക് സർക്കാരുമായി ആശയ വിനിമയത്തിന് നിയതമായ മാർഗങ്ങളുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക് അവകാശമില്ല.കേന്ദ്രത്തിന്റെ ഏജൻറിനെ പോലെയാണ് ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത്. ഗവർണർ സജീവ രാഷ്ട്രീയത്തിൽ ഇടപെടാത്ത ആളാകണം.കോടതി വിധി കാറ്റിൽ പറത്തുന്നത് വിപത്കരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്ഭവനെ ഗവർണർ രാഷ്ട്രീയ ഉപജാപക കേന്ദ്രമാക്കുകയാണ്. ഭരണഘടനാ പദവിയിൽ ഇരുന്ന് ആർഎസ്എസിന്റെ പിന്തുണയുണ്ടെന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ? ആർഎസ്എസ് വിഭാഗീയതയുടെ വക്താക്കളാണ്. ആർഎസ്എസിനോട് ഇടതുപക്ഷത്തിനും പൊതുസമൂഹത്തിനും കൃത്യമായ നിലപാട് ഉണ്ട്. ആർഎസ്എസിനെ പ്രകീർത്തിച്ചത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാറിന്റെ വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നതാണോ ഗവർണർ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. നെഹ്റു റിപ്പബ്ലിക് ദിന പരേഡിൽ ആർ എസ് എസിനെ പങ്കെടുപ്പിച്ചുവെന്ന് ഗവർണർ പറയുന്നത് വസ്തുതാപരമാണോ?
അങ്ങനെയൊരു രേഖയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നു വർഷം മുൻപ് ചരിത്ര കോൺഗ്രസിൽ നടന്ന കാര്യമാണ് വികാര വിക്ഷുബ്ധനായി ഇപ്പോഴും ഗവർണർ പറയുന്നത്. ചരിത്ര കോൺഗ്രസിൽ സിഎഎയ്ക്ക് അനികൂലമായി ചരിത്ര വിരുദ്ധ കാര്യങ്ങൾ ഉദ്ഘാടകൻ പറഞ്ഞപ്പോഴാണ് പ്രതിഷേധമുണ്ടായത്. ആർഎസ്എസിൻ്റെ വെറുക്കപ്പെടേണ്ടവരുടെ പട്ടികയിലാണ് ഇർഫാൻ ഹബീബും ഗോപിനാഥ് രവീന്ദ്രനും. അതുകൊണ്ടാണ് ഗവർണർക്ക് അവരോട് ഇത്ര വിദ്വേഷം.യഥാർത്ഥ ചരിത്രകാരൻമാരെ വേട്ടയാടുന്ന ആർ എസ് എസിൻ്റെ ആയുധമായി ഗവർണർ മാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
സർവകലാശാലകളെ ആർ എസ് എസിന്റെ രാഷ്ട്രീയ പരീക്ഷണ ശാലയാക്കാനുള്ള നീക്കത്തിന് നിന്നു കൊടുക്കണോ, അതോ നെഞ്ചുവിരിച്ചു പോരാടണോ എന്നതാണ് സമസ്യയെന്ന് മുഖ്യമന്ത്രി. കേരളം പോരാടും..ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കി ആവശ്യമുള്ള ചരിത്രം സൃഷ്ടിക്കുകയാണ് ആർ എസ് എസ് തന്ത്രം.. സംസ്ഥാന സർക്കാരിൻ്റെ പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സർവകലാശാലകളിൽ പിൻസീറ്റ് ഡ്രൈവിംഗാണ് അവർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.