ഡ്രൈവറെ യുവതിക്കൊപ്പമിരുത്തി ഫോട്ടോയെടുത്തു; പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടു പേർ അറസ്റ്റിൽ
1 min read

തൃശൂർ: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന യുവതിയക്കുനേരെ സദാചാര ഗുണ്ടായിസം നടത്തിയ കേസിൽ രണ്ടു പേര്‍ പിടിയിൽ. അക്കിക്കാവ് കരിക്കാട് കൊമ്പത്തേയിൽ വീട്ടിൽ റൗഷാദ്(32), പെരുമ്പിലാവ് തൈവളപ്പിൽ വീട്ടിൽ നിഖിൽ(27) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്ക് ലഹരിപദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി.
കല്ലുംപുറത്ത് ഓഗസ്റ്റ് 26-ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഓട്ടോഡ്രൈവറെ അടിക്കുകയും യുവതിക്ക് ഒപ്പം ഇരുത്തി ചിത്രം പകര്‍ത്തുകയുമായിരുന്നു.ചിത്രം പ്രചരിപ്പിക്കുമെന്ന് യുവാക്കള്‍ ഭീഷണി മുഴക്കുകയും ചെയ്തു.
ഒറ്റപ്പാലത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് ഓട്ടോയിൽ വരികയായിരുന്നു യുവതി. കല്ലുംപുറം എത്തിയപ്പോൾ ഫോണ്‍ വന്നതിനെ തുടർന്ന് സംസാരിക്കാനായി ഓട്ടോ നിർത്തി. ഈ സമയം ബൈക്കിൽ പോവുകയായിരുന്ന രണ്ട് പേർ ഓട്ടോറിക്ഷയുടെ സമീപത്തെത്തി യുവതിയോട് കയര്‍ക്കുകയായിരുന്നു.
അസഭ്യം പറയുകയും ഓട്ടോയിൽ കയറി കടന്നുപിടിക്കുകയും ചെയ്തതോടെ ഓട്ടോ ഡ്രൈവര്‍ തടയാന്‍ ശ്രമിച്ചു. ഇതോടെ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. യുവതിയോടൊപ്പം ഇരുത്തി ഫോട്ടോ എടുത്ത ശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
അക്രമത്തിനിരയായവര്‍ നാണക്കേട് ഓര്‍ത്ത് ആദ്യം പരാതി നല്‍കിയില്ല. പിന്നീട് പരാതി ലഭിച്ചതോടെ പോലീസ് കേസെടുത്തു. ഇതോടെ പ്രതികള്‍ ഒളിവില്‍പ്പോയി. ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഒളിവുകേന്ദ്രം മാറുന്നതിനായി തൃശ്ശൂരിലെത്തിയപ്പോഴാണ് റെയില്‍വെ സ്റ്റേഷനില്‍നിന്ന് പിടിയിലായത്.