NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റോഡിൽ ഇറങ്ങുന്നവർ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടി വരരുത്; റോഡ് കുഴി വിഷയത്തിൽ ഹൈക്കോടതി

1 min read

കൊച്ചി: റോഡിലെ കുഴി വിഷയത്തിൽ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എൻജിനീയർമാർ എന്തിനാണെന്നും കോടതി ചോദിച്ചു. റോഡിലെ കുഴികൾ ഒറ്റദിവസം കൊണ്ട് ഉണ്ടായതല്ല. സംസ്ഥാനത്ത് റോഡുകളില്‍ നടക്കുന്നത് ഭാഗ്യപരീക്ഷണമാണെന്ന് കുറ്റപ്പെടുത്തിയ കോടതി റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടി വരരുതെന്നും വിമര്‍ശിച്ചു.

റോഡുകളിലെ മരണങ്ങളുടെ പേരിൽ ഒറ്റ ഉദ്യോഗസ്ഥനെയെങ്കിലും പ്രോസിക്യൂട്ട് ചെയ്തോയെന്നും കോടതി ചോദിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ കുഴിയില്‍ വീണുമരിച്ച ആലുവ-പെരുമ്പാവൂര്‍ റോഡിലെ അറ്റകുറ്റപ്പണി 10 ദിവസത്തിനുള്ളില്‍ തീര്‍ക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

വീട്ടില്‍ നിന്നും യാത്ര പുറപ്പെട്ടാല്‍ ജീവനോടെ മടങ്ങിയെത്താനാവാത്ത അവസ്ഥയാണ് സംസ്ഥാനത്തെ റോഡുകളിലുള്ളതെന്ന് കോടതി കുറ്റപ്പെടുത്തി. ഒറ്റദിവസംകൊണ്ടല്ല, നിരവധി ദിവസങ്ങള്‍ക്കൊണ്ടാണ് റോഡില്‍ കുഴികള്‍ രൂപം കൊണ്ടത്. ഇക്കാര്യം എന്തുകൊണ്ട് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് കോടതി ചോദിച്ചു. റോഡിലെ കുഴികള്‍ യഥാസമയം ചീഫ് എന്‍ജിനീയറുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി കോടതിയില്‍ ഹാജരായ എന്‍ജിനീയര്‍മാര്‍ അറിയിച്ചു.

റോഡ് നവീകരണത്തിനായി കിഫ്ബിയെ ഏല്‍പ്പിച്ചിരുന്നു. കിഫ്ബിയുടെ നിര്‍ദ്ദേശമുള്ളതിനാലാണ് അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നത്. റോഡ് തകര്‍ന്നു കിടന്നാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഉചിതമായ അറ്റകുറ്റപ്പണി നടത്താത്തത് ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കുള്ള മരണവാറണ്ടാണ്. സംസ്ഥാനത്ത് ആയിരക്കണക്കിന് അപകടങ്ങള്‍ കുഴികളില്‍ വീണ് നടക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഒന്നും മാറുന്നില്ല. എന്നിട്ടും നവകേരളത്തെക്കുറിച്ച് സംസാരിക്കുകയാണെന്നും ഹൈക്കോടതി പരിഹസിച്ചു. ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബര്‍ ആറിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!