വാഹനങ്ങളുടെ ബാറ്ററി മോഷണം മടുത്തോ? സൈലന്‍സറില്‍ നോട്ടമിട്ട് കള്ളന്മാര്‍


വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച് വില്‍ക്കുന്ന പതിവ് പരിപാടിയ്ക്ക് താല്‍കാലിക ഇടവേള നല്‍കി സൈലന്‍സര്‍ മോഷണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് മോഷ്ടാക്കള്‍. ആള്‍തിരക്കില്ലാത്ത സ്ഥലങ്ങളിലും സെക്യൂരിറ്റിയോ സിസിടിവിയോ ഇല്ലാത്ത പാര്‍ക്കിങ് ഗ്രൗണ്ടുകളിലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നവര്‍ ഇനി മുതല്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അല്ലാത്ത പക്ഷം തിരികെവന്നു നോക്കുമ്പോള്‍ വണ്ടിയുടെ സൈലന്‍സര്‍ അപ്രത്യക്ഷമായേക്കാം.
കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭയുടെ പാലിയേറ്റീവ് കെയര്‍ വാഹനത്തിന്‍റെ സൈലന്‍സര്‍ കള്ളന്മാര്‍ മുറിച്ചെടുത്തിരുന്നു. കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സിലെ നഗരസഭയുടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ സൈലന്‍സറാണ് മോഷണം പോയത്. രാവിലെ പതിവുപോലെ വാഹനം എടുത്തപ്പോഴാണ് സൈലന്‍സര്‍ മോഷണവിവരം അറിയുന്നത്. ഏകദേശം 80,000 രൂപ വിലവരുന്ന സൈലന്‍സറാണ് മോഷണം പോയത്. മാതൃഭൂമിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
നഗരസഭാ ഓഫീസിനടുത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററികളാണ് കള്ളന്‍മാര്‍ മോഷ്ടിക്കുന്നത് മുന്‍പ് പതിവായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ സജീന അക്ബറിന്റെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നേരേയുള്ള ആക്രമണമാണിതെന്ന് കൗണ്‍സിലര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ചുറ്റുമതിലില്ലാത്ത ആരോഗ്യകേന്ദ്രത്തില്‍ മതില്‍ സാമൂഹികവിരുദ്ധര്‍ ചവിട്ടിപ്പൊളിച്ചിരുന്നു. ഈ സംഭവത്തിലെ പ്രതികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്ഥലത്ത് പോലീസ് പട്രോളിങ് വേണമെന്നും സംരക്ഷണ മതില്‍ പൂര്‍ത്തിയാക്കാന്‍ ഫണ്ട് അനുവദിക്കണമെന്നും കൗണ്‍സിലര്‍ സജീന അക്ബര്‍ ആവശ്യപ്പെട്ടു.