ആരുടെയും വീഡിയോ പകര്‍ത്തിയിട്ടില്ല, കാമുകന് അയച്ചത് സ്വന്തം സ്വകാര്യ ദൃശ്യങ്ങളെന്ന് വിദ്യാര്‍ത്ഥിനി; ശുചിമുറി വിവാദത്തില്‍ വഴിത്തിരിവ്


വനിതാ ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിനിയില്‍ നിന്നും മറ്റു പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു മൊഹാലി പൊലീസ്. അറസ്റ്റിലായ വിദ്യാര്‍ത്ഥിനി സ്വയം ചിത്രീകരിച്ച വീഡിയോ മാത്രമാണ് ഫോണില്‍ നിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞത് എന്നാണ് പൊലീസ് പറയുന്നത്.
മറ്റാരുടെയും വീഡിയോ താന്‍ പകര്‍ത്തിയിട്ടില്ല എന്നാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴി. ഇലക്ട്രോണിക്സ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും മൊഹാലി എസ്എസ്പി വിവേക് സോണി മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാര്‍ത്ഥിനി തന്റെ ശുചിമുറി വീഡിയോ ഷിംലയിലുള്ള കാമുകന് അയച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഐജി ഗുരുപ്രീത് ദിയോ മാധ്യമങ്ങളോട് പറഞ്ഞു. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ കാമുകനെ പിടികൂടുമെന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളുവെന്നും ഐജി പറഞ്ഞു.
പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം തെറ്റാണെന്നും വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ സ്വന്തം വീഡിയോ ചിത്രീകരിക്കുന്നത് കണ്ട് മറ്റ് പെണ്‍കുട്ടികള്‍ പരിഭ്രാന്തരാകുകയായിരുന്നെന്നും ചണ്ഡിഗഡ് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
അറുപതോളം പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥിനി പകര്‍ത്തിയെന്നും ഈ ദൃശ്യങ്ങള്‍ ഷിംലയിലുള്ള പെണ്‍കുട്ടിയുടെ കാമുകനാണ് അശ്ലീല സൈറ്റുകളില്‍ അടക്കം അപ്ലോഡ് ചെയ്തതത് എന്നുമാണ് സര്‍വകലാശാലയിലെ പെണ്‍കുട്ടികളുടെ ആരോപണം.