കുഴിയില്‍ വീണ് പരുക്കേറ്റതാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു: സര്‍ക്കാര്‍ വാദം തളളി കുഞ്ഞുമുഹമ്മദിന്റെ മകന്‍
1 min read

ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ ഇരുചക്രവാഹനം വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയുണ്ടായ കുഞ്ഞുമുഹമ്മദിന്റെ മരണത്തിന് ആരോഗ്യ പ്രശ്‌നങ്ങളും കാരണമെന്ന സര്‍ക്കാര്‍ വാദം തളളി മകന്‍ കെ മനാഫ്.
കുഴിയില്‍ വീണ് പരുക്കേറ്റതാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായി മനാഫ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 20 ന് ചാലക്കല്‍ പതിയാട്ട് കവലയ്ക്ക് സമീപം റോഡിലെ കുഴിയില്‍ ചാടി ഇരുചക്രവാഹനം മറിഞ്ഞാണ് കുഞ്ഞുമുഹമ്മദിന് ഗുരുതര പരുക്കേറ്റത്. തലയ്ക്കേറ്റ പരുക്ക് മൂലമുളള ബുദ്ധിമുട്ട് പതുക്കെ മാറുമെന്നും കുത്തിവെയ്പ്പുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്താമെന്നുമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്.
ഈ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചതെന്നും മനാഫ് പറഞ്ഞു. അപകടത്തിന്റെ ദൃക്‌സാക്ഷിയും സര്‍ക്കാര്‍ വാദം തളളി രംഗത്തെത്തി. സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്നും റോഡ് നന്നാക്കി കിട്ടണം എന്ന ആവശ്യം മാത്രമേയുളളുവെന്നും അദ്ദേഹം പറഞ്ഞു.
ടാറിങ് നടത്തി ഒരു മാസത്തിനുള്ളില്‍ തകര്‍ന്ന ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണായിരുന്നു അപകടം.