പരപ്പനങ്ങാടിയിൽ കത്തിക്കുത്ത് കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ


പരപ്പനങ്ങാടി: കത്തിക്കുത്ത് കേസിൽ രണ്ടുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി സ്വദേശി കുറ്റിക്കാട്ട് അനീസ് (30), ബീച്ച് റോഡ് വിളക്കിന്റെ പുരക്കൽ നൗഷർബാൻ (31) എന്നിവരെയാണ് പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസും സംഘവും അറസ്റ്റ് ചെയ്തത്.
ചാപ്പപ്പടി ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം വെച്ച് മത്സ്യവിൽപന സംബന്ധമായ തർക്കത്തെ തുടർന്ന് ആലുങ്ങൽ ബീച്ച് ബാപ്പലിന്റെ പുരക്കൽ കുഞ്ഞിമരക്കാറിന്റെ മകൻ ഫൈസൽ എന്നയാളെ കത്തികൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച കേസിലാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.
അനീസും സഹോദരൻമാരും ചേർന്ന് ഫൈസലിനെ പുറകിൽ നിന്ന് കത്തികൊണ്ട് കുത്തുകയും കല്ലുകൊണ്ട് ഇടിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതികളെ രക്ഷപെടാൻ സഹായിച്ചതിനാണ് നൗഷർബാനെ അറസ്റ്റ് ചെയ്തത്. നിലവിൽ 10 വർഷം തടവുശിക്ഷ ലഭിക്കുന്ന കേസാണ് പ്രതികളുടെ മേൽ ചുമത്തിയിരിക്കുന്നത്.
എസ്.ഐമാരായ നവീൻ ഷാജ്, സുരേഷ് കുമാർ, ജിനേഷ്, ആൽബിൻ . അഭിമന്യു, വിപിൻ, സബറുദ്ദീൻ, മുജീബ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. അറസ്റ്റ് ചെയ്ത പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.