ഇതുകൊണ്ട് വെടി വെച്ചാല്‍ നായ ചാകില്ല, ഞാന്‍ എന്ത് ലഹളയുണ്ടാക്കാനാ, വൈറലാകാൻ ആണെങ്കില്‍ റെയ്ബാന്‍ ഗ്ലാസൊക്കെ വെയ്ക്കില്ലേ?’


തെരുവുനായ്ക്കളുടെ ശല്യത്തിനെതിരായി തോക്കെടുത്ത സംഭവത്തില്‍ കേസെടുത്തതിനെതിരെ പ്രതികരണവുമായി സമീര്‍. നായയെ കൊല്ലാന്‍ സാധിക്കാത്ത എയര്‍ഗണ്ണുമായി കുട്ടികള്‍ക്ക് കൂട്ടുപോയതുവഴി, എന്തു ലഹളയുണ്ടാക്കാനാണ് താന്‍ ശ്രമിച്ചതെന്ന് സമീര്‍ ചോദിച്ചു. വൈറലാകാനാണ് വിഡിയോ പങ്കുവച്ചതെങ്കില്‍ താന്‍ നല്ല വസ്ത്രവും റെയ്ബന്‍ ഗ്ലാസുമെല്ലാം ധരിക്കുമായിരുന്നുവെന്നും സമീര്‍ പറഞ്ഞു.
ലഹളയുണ്ടാക്കാന്‍ ഇടയാകുന്ന വിധത്തില്‍ നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തു, ലഹള ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നീ കുറ്റങ്ങള്‍ക്കാണ് ബേക്കല്‍ പൊലീസ് സമീറിനെതിരെ കേസെടുത്തത്.
”ലഹളയുണ്ടാക്കാന്‍ ശ്രമിച്ചു എന്നു പറഞ്ഞാണ് എനിക്കെതിരെ കേസെടുത്തത്. എന്റെ കൈവശമുണ്ടായിരുന്ന ഈ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചാല്‍ നായ ചാകില്ല. പിന്നെ എന്ത് ലഹളയാണ് ഞാനുണ്ടാക്കിയത്? മക്കള്‍ക്കു ധൈര്യം കിട്ടാന്‍ ഷോകേസിലുണ്ടായിരുന്ന എയര്‍ഗണ്‍ എടുത്തതാണ്. കേസെടുത്ത നടപടി ശരിയല്ല’ – സമീര്‍ പറഞ്ഞു.
കേസെടുത്ത സാഹചര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് സമീര്‍ വ്യക്തമാക്കി. ”ഞാന്‍ നാഷനല്‍ യൂത്ത് ലീഗിന്റെ ഉദുമ മണ്ഡലം പ്രസിഡന്റ് കൂടിയാണ്. എന്റെ പാര്‍ട്ടിയും നാട്ടുകാരും എന്നെ വിളിച്ചിരുന്നു. എന്തിനും ഒപ്പം നില്‍ക്കുമെന്ന് അവരെല്ലാം വാക്കു തന്നിട്ടുമുണ്ട്.’ – സമീര്‍ കൂട്ടിച്ചേര്‍ത്തു.