NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്‍റെ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര; കാരണം പുറത്ത്

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ നിര്‍മാണ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍. നവജാത ശിശുക്കളുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയാതിനെ തുടർന്നാണ് നടപടിയെന്ന് മഹാരാഷ്ട്ര എഫ്ഡിഎ അറിയിച്ചു.

കമ്പനിയുടെ പൗഡര്‍ നവജാത ശിശുക്കളുടെ ത്വക്കിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സി വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലബോറട്ടറി പരിശോധനയിൽ പൗഡറിന്‍റെ സാമ്പിളുകൾ സ്റ്റാൻഡേർഡ് പിഎച്ച് മൂല്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് റെഗുലേറ്റർ പ്രസ്താവനയിൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

കൊൽക്കത്ത ആസ്ഥാനമായുള്ള സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ “പിഎച്ച് പരിശോധനയുമായി ബന്ധപ്പെട്ട് സാമ്പിൾ ഐഎസ് 5339:2004 ന് അനുയോജ്യമല്ല” എന്ന നിഗമനത്തെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.പുണെ, നാസിക്ക് എന്നിവിടങ്ങളില്‍നിന്നാണ് പൗഡറിന്റെ സാംപിളുകള്‍ ശേഖരിച്ച് ലാബ് പരിശോധന നടത്തിയത്.

1940 ലെ ഡ്രഗ്‌സ് കോസ്‌മെറ്റിക്‌സ് ആക്‌ട് ആൻഡ് റൂൾസ് പ്രകാരം എഫ്‌ഡി‌എ ജോൺസണ്‍ ആന്‍ഡ് ജോണ്‍സണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. വിപണിയില്‍നിന്ന് ഉല്‍പ്പന്നം പിന്‍വലിക്കണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാല്‍ സർക്കാർ അനലിസ്റ്റിന്‍റെ റിപ്പോർട്ട് സ്ഥാപനം അംഗീകരിച്ചില്ല. പരിശോധനാ റിപ്പോര്‍ട്ടിനെതിരെ കമ്പനി കോടതിയെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.