110 കഴിഞ്ഞ അമ്മച്ചിയുടെ വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികൾ


തിരൂരങ്ങാടി : പ്രായം 110 കഴിഞ്ഞ അമ്മച്ചിയുടെ വോട്ടഭ്യർഥിച്ച് സ്ഥാനാർത്ഥികളെന്നും വീട്ടിലെത്തും. തിരൂരങ്ങാടി പ്രദേശത്തെ ഏറ്റവും കൂടുതൽ പ്രായമായ വോട്ടറാണ് ചെറുമുക്ക് ജീലാനിയിലെ വി.പി. അമ്മച്ചി. ഇവരുടെ വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികളും പ്രവർത്തകരും ദിവസേന വീട്ടിലെത്തും. യു.ഡി.എഫിലെ ഒള്ളക്കൻ സിദ്ധീഖും, എൽ.ഡി.എഫിലെ അമരേരി ജാഫർ സിദ്ധീഖും, എസ്.ഡി.പി.ഐ. സ്ഥാനാർഥി ചൊളാഞ്ചേരി ഫാരിസുമാണ് സ്ഥാനാർത്ഥികൾ. നന്നമ്പ്ര പഞ്ചായത്തിലെ അഞ്ചാം വാർഡ് ഉൾപ്പെട്ട വയലോര പ്രദേശമാണ് ചെറുമുക്ക് ജീലാനി നഗർ. നൂറ്റിപത്ത് കഴിഞ്ഞങ്കിലും അമ്മച്ചിക്ക് വർധക്യത്തിൻ്റെെ ബുദ്ധിമുട്ടുകൾ ഒന്നുമില്ല. വെഞ്ചാലി പാടത്ത് മണ്ണിനേയും കൃഷിയേയും സ്നേഹിച്ച് കഴിയുന്ന അമ്മച്ചിയുടെെ ജീവിതം നാട്ടിലെ ഏവർക്കും മാതൃകയാണ്. നിയസഭ, ലോകസഭ, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് എല്ലാമെത്തുമ്പോൾ വോട്ടുകൾ ഒന്നും അമ്മച്ചി പാഴാക്കാറില്ല. ഇഷ്ട സ്ഥാനാർഥിക്ക് ചെയ്യും. കാഴ്ചക്ക് ഇന്നും ഒരു കുറവും ഇല്ലാത്ത അമ്മച്ചിക്ക് നടക്കാനും പ്രയാസമൊന്നുമില്ല. കുട്ടികാലം മുതൽ കൃഷി പണി എടുത്ത് ജീവിച്ച് വരികയായിരുന്നു അമ്മച്ചി. പണ്ട് കാലത്ത് നെല്ല് തലയിൽ ചുമത്തി ജീവിതം തള്ളിനീക്കിയ അമ്മച്ചി ഇന്നും ചുറുചുറുക്കോടെയാണ് അമ്മച്ചി നടക്കുന്നതും സംസാരിക്കുന്നതും.