ഇ ഡി കേസില്‍ ജാമ്യം കിട്ടാതെ സിദ്ധിഖ് കാപ്പനെ പുറത്തുവിടില്ലന്ന് ലഖ്‌നോ ജയില്‍ അധികൃതര്‍


ഇ ഡി കേസില്‍ ജാമ്യം കിട്ടാതെ സിദ്ധിഖ് കാപ്പനെ പുറത്ത് വിടാന്‍ കഴിയില്ലന്ന് ജയില്‍ അധികൃതര്‍. ഇ ഡിയുടെ കേസില്‍ സിദ്ധിഖ് കാപ്പനെതിരായ അന്വേഷണം പുരോഗമിക്കുകയാണ് , അത് കൊണ്ട് പുറത്തിറങ്ങണമെങ്കില്‍ ഈ കേസിലും ജാമ്യം വേണമെന്നാണ് ലഖ്‌നോ ജയില്‍ അധികൃതരുടെ നിലപാട്. ഈ മാസം 19നാണ് ഇഡി കേസ് ലക്‌നൗ കോടതി പരിഗണിക്കുന്നത്. അതേസമയം, കാപ്പന്‍ ഹാത്രസിലേക്ക് പോയ വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരായ ഇഡി കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. ഈ മാസം ഇരുപത്തിയഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.
ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയെുള്ളവര്‍ അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സിദ്ധിഖ് കാപ്പന്‍ 22 മാസമായി ജയിലില്‍ തുടരുകയാണ്. മഥുര കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കാപ്പന്‍ സുപ്രീംകോടതിയിലെത്തിയത്.
യുപി സര്‍ക്കാരിന് എന്ത് തെളിവുകളാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞത് ചീഫ് ജസറ്റിസ് യു യു ലളിത് അധ്യക്ഷനായി ബെഞ്ച് ചോദിച്ചിരുന്നു. ഐഡി കാര്‍ഡുകളും ചില ലഘുലേഖകളും കണ്ടെത്തിയെന്നായിരുന്നു യുപി സര്‍ക്കാരിന്റെ അഭിഭാഷകന്‍ മഹേഷ് ജഠ്മലാനിയുടെ വാദം. എന്നാല്‍, അമേരിക്കയിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തിന്റെ ലഘുലേഖ എങ്ങനെ ഹാത്രസിലെ കലാപത്തിന് തെളിവാകുമെന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദിച്ചു. യുപി സര്‍ക്കാരന്റെ വാദങ്ങള്‍ അംഗീകരിക്കാതിരുന്ന കോടതി ഇത്രയും കാലം ജയിലില്‍ കിടന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുകയാണെന്ന് വ്യക്തമാക്കി.
അതേസമയം, അടുത്ത ആറാഴ്ച ദില്ലിയില്‍ തങ്ങാനും അന്വേഷണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അക്കൗണ്ടിലേക്ക് പണം വന്നത് ചൂണ്ടിക്കാട്ടി ഇഡി രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ കൂടി കാപ്പന് ജാമ്യം കിട്ടേണ്ടതുണ്ട്.