NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തെരുവുനായ ശല്യം പരിഹരിക്കാന്‍ അടിയന്തിര വാക്‌സിനേഷന്‍ ഡ്രൈവുമായി സര്‍ക്കാര്‍

തെരുവുനായ ശല്യം പരിഹരിക്കാന്‍ അടിയന്തിര മാസ് വാക്‌സിനേഷന്‍ ഡ്രൈവുമായി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഇതുമായി ബന്ധപ്പെട്ട ഉന്നതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരുവുനായ ശല്യം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തരത്തിലാണ് ഇതിനെ നേരിടേണ്ടത്. ജനങ്ങളുടെ ഭീതി സ്വാഭാവികമാണ്. എന്നാല്‍ അതുകൊണ്ട് മാത്രം പ്രശ്നത്തിന് പരിഹാരമാകുന്നില്ല. അതിന് ദീര്‍ഘകാല നടപടികള്‍ കൂടി സ്വീകരിക്കേണ്ടതുണ്ട്. അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാണ് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തത്. മറ്റുകാര്യങ്ങളെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

തെരുവുനായകള്‍ക്ക് മാസീവ് വാക്സിനേഷന്‍ ഡ്രൈവ് നടത്തും . സെപ്റ്റംബര്‍ ഇരുപതു മുതല്‍ ഒക്ടോബര്‍ ഇരുപതുവരെയാണ് ഇത് നടപ്പാക്കുക. വാക്സിനേഷനു വേണ്ടി ബ്ലോക്ക് പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവയ്ക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനം വാടകയ്ക്ക് എടുക്കാന്‍ അനുമതി നല്‍കി. നായയെ പിടികൂടാന്‍ പരിശീലനം ലഭിച്ചിട്ടുള്ള നിലവിലെ ആളുകളെ ഉപയോഗിച്ച് വാക്സിനേഷന്‍ ആരംഭിക്കും. മാത്രമല്ല, കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം നല്‍കും. കോവിഡ് കാലത്ത് രൂപവത്കരിച്ച സന്നദ്ധസേനയില്‍നിന്ന് തത്പരരായ ആളുകള്‍ക്ക് പരിശീലനം നല്‍കും. കുടുംബശ്രീ ലഭ്യമാക്കുന്ന ആളുകള്‍ക്കും പരിശീലനം നല്‍കും.

പരിശീലനം സെപ്റ്റംബര്‍ മാസം തന്നെ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് വെറ്ററിനറി സര്‍വകലാശാലയുടെ സഹായം തേടും. അതിന് അവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒന്‍പതു ദിവസത്തെ പരിശീലനമാണ് നല്‍കുക. ഈ അതിതീവ്ര വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍, തെരുവുനായയുടെ കടിയേറ്റാലും അത് അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കില്ല എന്ന് ഉറപ്പുവരുത്താനാകും. വാക്സിന്‍ അടിയന്തരമായി വാങ്ങുന്നതിനുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

തെരുവുനായകള്‍ക്ക് ഷെല്‍ട്ടറുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി രാജേഷ് പറഞ്ഞു. നേരത്തെ ബ്ലോക്ക് തലത്തില്‍ ഷെല്‍ട്ടറുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് പകരം പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടറുകള്‍ ആരംഭിക്കും. ലഭ്യമായ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published.