എകെജി സെന്റര്‍ ആക്രമണം; സൃഷ്ടിക്കുന്നത് ഭാവനക്ക് അനുസരിച്ചുള്ള തിരക്കഥയെന്ന് ഷാഫി പറമ്പില്‍


എകെജി സെന്റര്‍ ആക്രമണത്തില്‍ പൊലീസ് കേസന്വേഷണം നടത്തേണ്ടത് തെളിവുകളുടെ അടിസ്ഥാനത്തിലാകണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഇപ്പോള്‍ സൃഷ്ടിക്കുന്നത് ഭാവനക്ക് അനുസരിച്ചുള്ള തിരക്കഥയാണ്്. അത് ജനങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യൂത്ത് കോണ്‍ഗ്രസിനെതിരായ ആരോപണം സിപിഎമ്മിന്റെ ജല്‍പ്പനം മാത്രമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. ഭാരത് ജോഡോ യാത്രയില്‍ വിറളി പിടിച്ചവരുടെ ജല്പനങ്ങളായി കണ്ടു തള്ളികളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കിടയിലായിരുന്നു കെ.സി.വേണുഗോപാലിന്റെ പ്രതികരണം. സ്‌ഫോടകവസ്തു എറിഞ്ഞ കേസില്‍ പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി പ്രചാരണങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്സിന്റെ പ്രതികരണം.
എ.കെ.ജി സെന്റര്‍ ആക്രമണം; പ്രതിയെ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്
എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം. പ്രതി എന്ന് സംശയിക്കുന്ന യുവാവ് ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇനി കണ്ടെത്തേണ്ടത് ബോംബ് നിര്‍മ്മിച്ച സ്ഥലം മാത്രമാണെന്നുമാണ് റിപ്പോര്‍ട്ട്.
ക്രൈംബ്രാഞ്ച് ആണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കൂടാതെ ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയവരും നിരീക്ഷണത്തിലാണെന്നാണ് വിവരം. പ്രതി വിദേശത്ത് കടന്നതായും അന്വേഷണ സംഘത്തിന് സംശയമുണ്ട്.
കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം പ്രതിയുടെയും സഹായികളുടെയും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
അതിനാലാണ് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും, മുഴുവന്‍ തെളിവുകളും ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷ യുവജന സംഘടനയുടെ ജില്ലാ നേതാവാണ് അക്രമിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ സംഘം പ്രതികരിച്ചിട്ടില്ല.