‘ജോലി ചെയ്യാന്‍ മടി’ ; അഞ്ച് ജൂനിയര്‍ പോലീസുകാരെ ലോക്കപ്പിലടച്ച് എസ്.പി


ജോലിയില്‍ മടിയന്മാരാണെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ അഞ്ച് ജൂനിയര്‍ പോലീസുകരെ ലോക്കപ്പിലടച്ചതായി ആരോപണം. ബിഹാറിലെ നവാഡ നഗരത്തിലാണ് സംഭവം. സംഭവം നിഷേധിക്കുന്നുണ്ടെങ്കിലും ജൂനിയര്‍ പോലീസുകാര്‍ ലോക്കപ്പില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സെപ്റ്റംബര്‍ എട്ടിനായിരുന്നു സംഭവം നടന്നത്. എസ്.പി. ഗൗരവ് മംഗ്ലയാണ് ജൂനിയര്‍ പോലീസുകാരെ ലോക്കപ്പില്‍ അടച്ചത്. എസ്.ഐ. ശത്രുഘ്‌നന്‍ പാസ്വാന്‍, രാംരേഖ സിങ്, എ.എസ്.ഐ. സന്തോഷ് പാസ്വാന്‍, സഞ്ജയ് സിങ്, രാമേശ്വര്‍ തുടങ്ങിയവരെയാണ് നവാഡ നഗര്‍ പോലീസ് സ്റ്റേഷനില്‍ ലോക്കപ്പിലിട്ടത്.
എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം, അര്‍ദ്ധരാത്രിയോടു കൂടി ഇവരെ പുറത്തുവിട്ടെന്നും എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിഹാര്‍ പോലീസ് അസോസിയേഷന്‍ രംഗത്തെത്തി.
എന്നാല്‍, അത്തരത്തില്‍ ഒരു സംഭവും നടന്നിട്ടില്ലെന്ന് എസ്.പി. മംഗ്ല പറയുന്നു. സ്റ്റേഷന്‍ ചാര്‍ജ് ഉണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ വിജയ് കുമാര്‍ സിങ്ങും ഇത് ശരിവെക്കുന്നു. എന്നാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഇവരുടെ വാദങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.