അര്‍ബുദരോഗിയായ മുത്തശിയെ കൊന്ന കേസില്‍ ചെറുമകന്‍ അറസ്റ്റില്‍


അര്‍ബുദരോഗിയായ മുത്തശിയെ കൊന്ന കേസില്‍ ചെറുമകന്‍ അറസ്റ്റില്‍. കോക്കാട് തെങ്ങക്കറവ് വിജയവിലാസത്തില്‍ പൊന്നമ്മ മരിച്ച സംഭവത്തിലാണ് ഇവരുടെ മകളുടെ മകന്‍ സുരേഷ്‌കുമാര്‍ ( 35) പൊലീസ് പിടിയിലായത്. സ്വാഭാവിക മരണമെന്ന നിലയില്‍ സംസ്‌കാരം നടത്താനൊരുങ്ങവേ സംശയം തോന്നിയ ബന്ധുക്കളില്‍ ചിലര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് കൊച്ചുമകനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്
മദ്യലഹരിയില്‍ സുരേഷ് വീട്ടിലെത്തുന്നത് മുത്തശിയായ പൊന്നമ്മക്ക് ഇഷ്ടമല്ലായിരുന്നു. വെള്ളിയാഴ്ച വീട്ടിലെത്തിയ സുരേഷ് ഭക്ഷണം കഴിക്കുന്നതിനിടെ മുത്തശ്ശിയുമായി തര്‍ക്കമുണ്ടായി.വഴക്കിനും പിടിവലിക്കുമിടെ ഇവരെ കട്ടിലില്‍ തലയിടിപ്പിച്ചും കഴുത്തുമുറുക്കി ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി. സംഭവസമയം സുരേഷിന്റെ അമ്മ സുമംഗല ആടിനെ തീറ്റാനായി പുറത്തുപോയിരുന്നു. അമ്മയും മകളും മാത്രാമാണ് വീട്ടില്‍ താമസം
സുമംഗല മടങ്ങിയെത്തിയപ്പോള്‍ മുത്തശ്ശി മരിച്ചെന്നറിയിച്ചു. സുരേഷിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ പത്തരയ്ക്ക് സംസ്‌കാരം നടത്താനും തീരുമാനിച്ചു. എന്നാല്‍ തലയിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കളില്‍ ചിലര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് അന്വേഷിച്ചപ്പോള്‍ മുത്തശ്ശി അസുഖബാധിതയായി മരിച്ചെന്നാണ് സുരേഷ് ആദ്യം പറഞ്ഞത്. തലയിലെ മുറിവ് കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു.പൊന്നമ്മ ഏറെനാളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. മദ്യലഹരിയില്‍ സുരേഷ് മുമ്പും മുത്തശ്ശിക്കും വീട്ടുകാര്‍ക്കും നേരേ അക്രമം കാട്ടിയിരുന്നതായി പോലീസ് പറഞ്ഞു.