ചന്ദ്രിക വാർത്ത മാന്യതയില്ലാ ത്തതും തെറ്റിദ്ധരിപ്പി ക്കുന്നതുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.


കോഴിക്കോട് :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് താന്‍ പറഞ്ഞതായി ഇന്നത്തെ ചന്ദ്രിക ദിനപത്രത്തില്‍ ( 04/12/2020) വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
നാദാപുരത്തെ പുളിയാവില്‍ ഒരു സ്വകാര്യ ആവശ്യത്തിന് വന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരാണെന്ന് പരിചയപ്പെടുത്തി ചിലര്‍ എന്നെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ വിഭാഗത്തില്‍പെട്ട ആളുകളും എന്നെ സമീപിക്കാറുണ്ട്. എല്ലാവര്‍ക്കും ഖൈറിന് വേണ്ടി പ്രാര്‍ത്ഥിക്കാറുമുണ്ട്.
ഇതിലപ്പുറം നാദാപുരത്ത് തന്നെ സമീപിച്ചവരോട് പറയേണ്ട സാഹചര്യമില്ല. തെരഞ്ഞെടുപ്പിലെ റിബല്‍ ശല്യത്തെക്കുറിച്ചും ഹൈദരലി തങ്ങളുടെ തീരുമാനമംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെ ക്കുറിച്ചുമൊക്കെ സൗഹൃദ സംഭാഷണത്തിനിടയില്‍ സംസാരിച്ചത് വാര്‍ത്തയാക്കുന്നതും വിവാദത്തിന് ഇടയാക്കുന്നതും മാന്യതയല്ല.
ഏതെങ്കിലും മുന്നണികളെയോ വ്യക്തികളെയോ സംഘടനകളെയോ തോല്‍പിക്കണമെന്നോ വിജയിപ്പിക്കണമെന്നോ എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ തിരുത്തുമെന്നാണ് കരുതുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പത്രക്കുറിപ്പിൽ പറഞ്ഞു.