സാമൂഹിക സുരക്ഷാ പെന്‍ഷന്റെ മാനദണ്ഡം കര്‍ശനമാക്കി; ലക്ഷക്കണക്കിനു പേര്‍ അനര്‍ഹര്‍


സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മാനദണ്ഡം കര്‍ശനമാക്കിയത് തിരിച്ചടിയായത് ലക്ഷക്കണക്കിനു പേര്‍ക്ക്. മാനദണ്ഡം പുതുക്കിയതിന് പിന്നാലെ പെന്‍ഷന്‍ പട്ടികയില്‍ നിന്നു ഇവര്‍ പുറത്തായി. 9000 റബര്‍ കര്‍ഷകരെ ഒഴിവാക്കാന്‍ ആദ്യം നടപടി എടുത്തതു ധന വകുപ്പാണ്.
റബര്‍ സബ്‌സിഡി വാങ്ങുന്നവരുടെ ഡേറ്റാബേസുമായി ഒത്തുനോക്കിയാണു 2 ഏക്കറില്‍ കൂടുതല്‍ ഭൂമി ഉള്ളവരെ ഒഴിവാക്കിയത്. രണ്ടേക്കറില്‍ കൂടുതല്‍ ഭൂമി ഉള്ളവര്‍ പെന്‍ഷന്‍ സ്‌കീമിന് അര്‍ഹരല്ല. മുന്‍പ് വാഹന ഉടമകളുടെയും ആദായനികുതി അടയ്ക്കുന്നവരുടെയും ഡേറ്റാബേസ് നോക്കി ആയിരക്കണക്കിന് അനര്‍ഹരെ ഒഴിവാക്കിയിരുന്നു.
2019 ഡിസംബര്‍ 31 വരെ ഈ സ്‌കീമില്‍ ചേര്‍ന്ന എല്ലാവരോടും പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ 50.53 ലക്ഷം പെന്‍ഷന്‍കാരുടെ കാല്‍ഭാഗം (ഏകദേശം 12 ലക്ഷം ) ഇതിലൂടെ ഒഴിവാക്കപ്പെടുമെന്നാണു വകുപ്പിന്റെ അനുമാനം.
കൃത്യമായി പരിശോധിച്ചശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് കൊടുക്കാവൂ എന്ന് വില്ലേജ് ഓഫിസര്‍മാര്‍ക്കു കര്‍ശന നിര്‍ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു സെക്രട്ടറിക്കു ധന വകുപ്പ് കത്തു കൊടുത്തു.