പതിനാലുകാരനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സാമ്പത്തിക ഇടപാട്; ക്വട്ടേഷൻ നൽകിയത് ബന്ധുവിന്റെ മകൻ


കൊല്ലം: കൊട്ടിയത്ത് നിന്ന് പതിനാലുകാരനെ തട്ടികൊണ്ടുപോയതിന് പിന്നിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം. കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകിയില്ല. പണം വാങ്ങിയെടുക്കാൻ ബന്ധുവിന്‍റെ മകൻ ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തമിഴ്നാട് സംഘം കൊട്ടിയത്തെ വീട്ടിൽ നിന്ന് കുട്ടിയെ തട്ടി കൊണ്ടുപോകുന്ന ദ്യശ്യങ്ങളാണ് പുറത്തുവന്നത്. മർത്താണ്ഡത്ത് ബി ഫാമിന് പഠിക്കുന്നയാളാണ് ക്വട്ടേഷൻ നൽകിയത്. കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷൻ നൽകിയത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് സംഘം കുട്ടിയെ തട്ടി കൊണ്ടുപോയത്.
കുട്ടിയെ തട്ടിയെടുത്ത് തമിഴ്‌നാട് മാർത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒൻപത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പാറശാല പൊലീസാണ് കുട്ടിയെ രക്ഷിച്ചത്. മർത്താണ്ഡം സ്വദേശി ബിജുവിനെ പൊലീസ് പിടികൂടി. മറ്റ് പ്രതികൾ രക്ഷപ്പെട്ടു. പ്രതികള്‍ സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് കാറുകളിലെത്തിയ തമിഴ്നാട് സ്വദേശികൾ അടങ്ങുന്ന ആറംഗ സംഘം തട്ടിയെടുത്തത്. തടഞ്ഞ സഹോദരിയെയും അയൽവാസിയെയും സംഘം അടിച്ചു വീഴ്ത്തി.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് സംഘം ഏകോപിച്ചു നടത്തിയ നീക്കത്തിലൂടെ 5 മണിക്കൂറിനു ശേഷം രാത്രി 11.30 ന് പാറശാലയിൽ വെച്ച് സംഘത്തെ തടഞ്ഞ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചു. തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിന് വെറും 100 മീറ്റർ മുൻപാണ് സംഘത്തെ തടഞ്ഞത്.
തമിഴ്നാട് സ്വദേശിയുടെ കാർ വാടകയ്ക്കെടുത്താണ് സംഘം എത്തിയത്. പൊലീസ് ജീപ്പ് പിന്തുടർന്നതോടെ ഇട റോഡ് വഴി പട്യക്കാലയിൽ എത്തിയ സംഘം കാർ ഉപേക്ഷിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം ഇടിച്ചു തകർന്ന നിലയിലായിരുന്നു. പിന്നിടു ഓട്ടോയിൽ ആഷിക്കും 2 പേരും ഉണ്ടെന്നു വിവരം കിട്ടുകയായിരുന്നു. ഓടിയ ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്നു പിടികൂടി. കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പിടിയിലായത്. കടന്നുകളഞ്ഞ ആൾ ഫിസിയോതെറപ്പിസ്റ്റ് ആണെന്നാണ് വിവരം. ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ട ആഷിക്കിനെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു.