ഏഷ്യാനെറ്റിന് കെ സുരേന്ദ്രന്റെ വക്കീല്‍ നോട്ടീസ്


ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഏഷ്യാനെറ്റിന് വക്കീല്‍ നോട്ടീസയച്ചു. തന്റെ മകന്‍ ഹരികൃഷ്ണന് കേന്ദ്ര സര്‍ക്കാര്‍ സ്വയം ഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജില്‍ ടെക്‌നിക്കല്‍ ഓഫീസറായി നിയമനം സംബന്ധിച്ച വാര്‍ത്ത വ്യാജമായിരുന്നുവെന്നാണ് കെ സുരേന്ദ്രന്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ്.ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റയ്ക്കും ന്യൂസ് എഡിറ്റര്‍ മനോജ് കെ ദാസിനും എതിരെയാണ് സുരേന്ദ്രന്‍ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചാണ് ആര്‍.ജി.സി.ബിയില്‍ മകന് നിയമനം ലഭിച്ചത്. പ്രധാനമന്ത്രി കേരളത്തില്‍ സന്ദര്‍ശനം നടത്തിയ ദിവസം തന്നെ ഇങ്ങനെ ഒരു നുണപ്രചാരണം നടത്താന്‍ ഏഷ്യാനെറ്റ് ന്യൂസ് തെരഞ്ഞെടുത്തത് കൃത്യമായ അജണ്ടയോടെയാണ്. കെ.സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഇങ്ങനെ ഒരു വാര്‍ത്ത നല്‍കിയതെന്നും നോട്ടീസില്‍ പറയുന്നു. നോട്ടീസ് ലഭിച്ച് പത്തുദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞ് വാര്‍ത്ത തിരുത്തണമെന്നും നോട്ടീസിലൂടെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
തന്റെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട് അസ്വാഭാവികമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. നിയമനം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ്. തനിക്ക് വേണ്ടി ആരും ഇടപെട്ടില്ല. ജോലി കിട്ടിയ ശേഷമാണ് തന്റെ മകനാണ് ഹരികൃഷ്ണന്‍ എന്ന് പ്രസ്തുത സ്ഥാപനം അറിഞ്ഞെതെന്നും സുരേന്ദ്രന്‍ പറഞ്ഞു.