NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മയക്കുമരുന്നു ലോബിക്കെതിരെ താലൂക്ക് വികസന സമിതി ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നു.

തിരൂരങ്ങാടി : മയക്കുമരുന്നു ലോബിക്കെതിരെ സമഗ്ര ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ തിരൂരങ്ങാടി താലൂക്ക് വികസനസമിതി യോഗത്തിൽ തീരുമാനം.
വിദ്യാർഥികളിലും യുവാക്കളിലും മയക്കുമരുന്ന് ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക് പരിധിയിലെ സ്കൂളുകളിലും ബസ് സ്റ്റോപ്പുകളിലും കർശന പരിശോധന ഏർപ്പെടുത്തുന്നതിനും പുതിയ തലമുറയെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് തടയുന്നതിനും ഫലവത്തായ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനും തീരുമാനിച്ചു.
എക്സൈസ്, പോലീസ്  തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളും പഞ്ചായത്ത് അധികാരികൾ , വ്യാപാരി വ്യവസായി യൂണിറ്റുകൾ, സ്കൂൾ അധികാരികൾ തുടങ്ങിയവരും ഉൾപ്പെടുന്ന സ്ഥിരം സമിതി രൂപവത്കരിച്ച് ലഹരി മാഫിയക്കെതിരെ ആക്ഷൻ പ്ലാൻ തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കാൻ യോഗത്തിൽ തീരുമാനമായി.
ലഹരിക്കെതിരെ വിമുക്തി പോലുള്ള പദ്ധതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുക, സമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി മത സംഘടനകളെയും ആരാധനാലയങ്ങളെയും പ്രയോജനപ്പെടുത്തുക, സ്കൂൾ പരിസരങ്ങളിലും ബസ് സ്റ്റോപ്പുകളിലും മറ്റും പ്രവർത്തിക്കുന്ന ലഹരി മാഫിയകളെ കുറിച്ച് വിവരം നൽകുന്നതിനായി രഹസ്യ ജനകീയ സ്ക്വാഡുകൾ രൂപവത്കരിക്കുകയും അവക്ക് അംഗീകാരം നൽകുകയും ചെയ്യു തുടങ്ങിയ നിർദേശങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സ്റ്റേഷൻ ഹൗസ് ഓഫീസർ കൺവീനർ ആയിട്ടുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റികൾ കൃത്യമായി വിളിച്ചു ചേർക്കാനും തീരുമാനിച്ചു .
ജനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികളിൽ നിയമക്കുരുക്കുകൾ മൂലം കാലതാമസം വരുന്നത് സംബന്ധിച്ചും ആയത് വേഗത്തിലാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
ഒതുക്കുങ്ങൽ പഞ്ചായത്തിലെ പുത്തൂർ ജംഗ്ഷനിലെ പി.ഡബ്ല്യു.ഡി റോഡരികിലുള്ള അനധികൃത മത്സ്യ മാർക്കറ്റുകളും പച്ചക്കറി മാർക്കറ്റുകളും , മാലിന്യങ്ങൾ പൊതു കിണറിൽ നിക്ഷേപിക്കുന്നത് മൂലം പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് തടയുന്നതിനും ഇത്തരം അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കുന്നതിനും നടപടി ഉണ്ടാകണമെന്ന് ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻറ് ആവശ്യപ്പെട്ടു.
 തിരൂരങ്ങാടി താലൂക്ക് പരിധിയിൽ തിരൂരങ്ങാടി , വേങ്ങര എന്നീ രണ്ട് ആരോഗ്യ ബ്ലോക്കുകൾ മാത്രമാണ് നിലവിലുള്ളതെന്നും പെരുവള്ളൂർ കേന്ദ്രീകരിച്ച് ഒരു ആരോഗ്യ ബ്ലോക്ക് രൂപീകരിക്കണമെന്നും ഒതുക്കുങ്ങൽ പഞ്ചായത്തിനെ മലപ്പുറം ആരോഗ്യ ബ്ലോക്കിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.
 തിരൂരങ്ങാടി ചന്തപ്പടിയിലെ ആയുർവേദ ഹോസ്പിറ്റലിൽ ഐപി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു . തിരൂരങ്ങാടി കൊളപ്പുറം റൂട്ടിൽ പനമ്പുഴ കഴിഞ്ഞ ഉടനെ കൂരിയാട് പോകുന്ന വളവിലെ അപകട ഭീഷണി പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് സഭ നിർദ്ദേശം നൽകി.
തിരൂരങ്ങാടി താലൂക്ക് ഓഫിസിൽ ചേർന്ന യോഗത്തിൽ
തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷത വഹിച്ചു.
 വിവിധ രാഷ്ട്രീയ പ്രതിനിധികളായ  വി .പി  കുഞ്ഞാമു, എൻജിനിയർ ടി മൊയ്തീൻകുട്ടി,  അബ്ദുൽജലീൽ,  കെ.പി. അനസ്,  ടി. സെയ്തു മുഹമ്മദ്, കമ്മു കൊടിഞ്ഞി,  ഇ. സെയ്തലവി , തഹസിൽദാർ പി.ഒ. സാദിഖ് എന്നിവരും  പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ. അബ്ദുൾ കലാം, ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ മൂസ കടംബോട്ട് , ഊരകം പഞ്ചായത്ത് പ്രസിഡണ്ട്  മൻസൂർ, മൂന്നിയൂർ പ്രസിഡന്റ്  എൻ എം സുഹറാബി, വിവിധ വകുപ്പ് തല പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!