അമ്മ തെറ്റുകാരിയല്ല, കടയ്ക്കാവൂര്‍ പോക്സോ കേസിലെ മകന്റെ ഹർജി തള്ളി


കടയ്ക്കാവൂര്‍ പോക്സോ കേസ് സുപ്രീം കോടതി തള്ളി. അമ്മയ്‌ക്കെതിരായ മകന്‍റെ ഹര്‍ജിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ‘അമ്മ തെറ്റുകാരിയല്ലെന്നുള്ള റിപ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് മകൻ കോടതിയെ സമർപ്പിച്ചത്. ആരുടെയോ പ്രേരണ കൊണ്ടല്ലെന്നും പിതാവ് അങ്ങനെ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചിട്ടില്ലെന്നും മകൻ മൊഴി നൽകി.
മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് ഡോ. ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ വർഷം ജൂണിൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പോക്സോ കേസ് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടുകയും ഡിസംബറിൽ തിരുവനന്തപുരം പോക്‌സോ കോടതി കേസ് നടപടികൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ ഭാഗം കോടതി കേട്ടില്ലെന്നാണ് മകൻ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്.
ഹൈക്കോടതി ഉത്തരവ് റദ്ദാക്കി വിചാരണ നേരിടാൻ അമ്മയോട് നിര്‍ദേശിക്കണമെന്നായിരുന്നു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹർജിയിലെ ആവശ്യം. അഭിഭാഷക അൻസു കെ വർക്കി മുഖേനെയാണ് പരാതിക്കാരന്‍ ഹർജി ഫയൽ ചെയ്തത്. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോൾ കുട്ടി അശ്ലീലവിഡീയോ കാണുന്നത് കണ്ടുപിടിച്ചിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്തരത്തിൽ ഒരു കള്ളത്തരം കുട്ടി പറഞ്ഞത്. കുട്ടിയുടെ അച്ഛന് പങ്കുണ്ടെന്ന് അറസ്റ്റിലായ യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ ഇങ്ങനെ ഒന്നും ഇല്ലെന്നും അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ പറയുന്നു.