പേ വിഷ വാക്‌സിന്‍ എത്തിച്ചത് ഗുണനിലവാരം പരിശോധിക്കാതെ; ആരോഗ്യമന്ത്രിയുടെ വാദം തള്ളി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍


പേ വിഷബാധ വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യമന്ത്രിയുടെ വാദത്തെ തള്ളി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍. കേരളത്തിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഗുണനിലവാര പരിശോധന നടത്താതെ വാക്‌സീന്‍ എത്തിച്ചതായി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വ്യക്തമാക്കി.
മനുഷ്യാവകാശ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡി എസ്.ചിത്രയുടെ വിശദീകരണം. വിതരണം ചെയ്യുന്ന വിന്‍സ് ബയോ പ്രൊഡക്ട്‌സിന്റെ ഇക്വിന്‍ ആന്റിറാബീസ് വാക്‌സീന്‍ ഇതുവരെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടിട്ടില്ല.
പേ വിഷബാധ വാക്‌സീന്റെ ആവശ്യകത കൂടിവരുന്നതിനാലും കോവിഡ് കാലത്ത് പരിശോധനാ ഫലം വൈകാനുള്ള സാഹചര്യമുള്ളതിനാലുമാണ് ഗുണനിലവാര പരിശോധന നടത്താതെ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍വര്‍ഷങ്ങളിലും പരിശോധനയില്‍ ഇത്തരത്തിലുള്ള ഇളവുകള്‍ നല്‍കിയതായും എം.ഡി വിശദീകരിക്കുന്നു. ഗുണനിലവാര പരിശോധന നടത്തിയാണ് വാക്‌സീന്‍ എത്തിച്ചതെന്നായിരുന്നു നിയമസഭയില്‍ ആരോഗ്യമന്ത്രി പറഞ്ഞത്.