NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇതാ വെല്ലുവിളികള്‍ക്കുള്ള ഉത്തരം, അഭിമാന നിമിഷം; ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

1 min read

തദ്ദേശീയമായി നിര്‍മിച്ച ആദ്യ  വിമാനവാഹിനി ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഇതോടെ തദ്ദേശീയമായി വിമാനവാഹിനി നിര്‍മിക്കാന്‍ ശേഷിയുള്ള ആറാമത്തെ രാജ്യം കൂടിയായി ഇന്ത്യ.

 

രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണ് ഐഎന്‍എസ് വിക്രാന്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ വിശ്വാസമാണ് ഇന്ന് പിറന്നതെന്നും ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ് ഈ നിമിഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷ്യങ്ങള്‍ നേടാന്‍ ഇന്ത്യയ്ക്കാവുമെന്നും നമ്മുടെ കഴിവിന്റെയും മികവിന്റെയും പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി കപ്പല്‍ശാലയിലെ ഉദ്യോഗസ്ഥരെയും എന്‍ജിനീയര്‍മാരെയും അദ്ദേഹം അഭിനന്ദിച്ചു. വിക്രാന്തിന്റെ കമ്മിഷനിങ്ങിനൊപ്പം നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. മേക് ഇന്‍ ഇന്ത്യ മാത്രമല്ല മേക് ഫോര്‍ ദ വേള്‍ഡും ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി ചടങ്ങില്‍ പറഞ്ഞു.

 

20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ 76 ശതമാനം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ചാണ് 15 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രാജ്യത്ത് നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. രണ്ട് ഫുട്ബോള്‍ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിന്.

1971ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലാണ് ഐ എന്‍ എസ് വിക്രാന്ത്. ബ്രിട്ടണില്‍ നിന്ന് വാങ്ങിയ ഈ കപ്പല്‍ ഡീ കമ്മീഷന്‍ ചെയ്തിരുന്നു. പഴയ വിക്രാന്തിന്റെ സ്മരണയിലാണ് പുതുതായി നിര്‍മിച്ച കപ്പലിനും അതേ പേര് നല്‍കിയത്. 30 എയര്‍ ക്രാഫ്റ്റുകള്‍ ഒരു സമയം കപ്പലില്‍ നിര്‍ത്തിയിടാം എന്ന സവിശേഷതയും ഐഎന്‍എസ് വിക്രാന്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!