നാല് ജില്ലകളില്‍ മഴയോട് മഴ; കൊച്ചി വെള്ളത്തില്‍, ഗതാഗതം തടസ്സപ്പെട്ടു


ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കൊച്ചി നഗരത്തില്‍ കനത്തവെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. കൊച്ചി നഗരത്തിലും പുത്തന്‍കുരിശില്‍ ദേശീയപാതയിലും വെള്ളം കയറി. കലൂര്‍, തമ്മനം ഭാഗത്തും ഇടറോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടങ്ങളിലും പ്രധാന റോഡുകളിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
കോട്ടയത്ത് 155 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ശബരിമല വനത്തിലെ ഉരുള്‍പൊട്ടല്‍ കാരണം പമ്പയില്‍ ജലനിരപ്പ് കൂടി. കക്കാട്ടാറ്റിലും, അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ ജലനിരപ്പ് ഉയരുകയാണ്. വീടുകളില്‍ വെള്ളം കയറി.
കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
കാസര്‍കോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിന് സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാന്‍ കാരണം.
മലയോര മേഖലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ ഉണ്ടാകും. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം തീയതി വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.