കേരളം അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ കണ്ണി, ഇന്ത്യയിലേക്കുള്ള ലഹരികടത്തിന്റെ നേതൃത്വം രണ്ട് സ്ത്രീകള്‍ക്ക്


കേരളം മയക്കുമരുന്നിന്റെ പറുദീസയാകുന്നു. മയക്കുമരുന്നു മാഫിയയുടെ അന്താരാഷ്ട്ര ശൃംഖലയിലെ പ്രധാന കണ്ണിയായി കേരളം മാറിക്കഴിഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് 36 കോടിയുടെ മയക്ക് മരുന്ന് പിടികൂടിയ സംഭവം വ്യക്തമാക്കുന്നത്. തെക്ക് കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നും , ലാറ്റിന്‍ അമേരിക്കയില്‍ നിന്നുമുളള മയക്ക് മരുന്ന് ഇന്ത്യയിലേക്കെത്തുന്നതിന്റെ കവാടമാണ് ഇപ്പോള്‍ കേരളം.
സിംബാവേയിലെ ഹരാരയില്‍ നിന്നും ശേഖരിച്ച 36 കോടിയുടെ രൂപ വില വരുന്ന മെഥാക്വിനോള്‍ എന്ന് മയക്ക് മരുന്നുമായാണ് പാലക്കാട് സ്വദേശി മുരളീധരന്‍ ഉണ്ണി നെടുമ്പാശേരിയില്‍ പിടിയിലായത്. സിംബാവേയില്‍ നിന്ന് ഖത്തറിലെത്തിച്ച് അവിടെ നിന്ന് കൊച്ചിയിലേക്കും പിന്നീട് ഡല്‍ഹിയിലേക്കും എത്തിക്കാനായിരുന്നു ഉദ്ദേശം.
മുരളീധരന്‍ ഉണ്ണിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് സ്വീകരിക്കാന്‍ ഡല്‍ഹിയില്‍ കാത്ത് നിന്ന നൈജീരിയന്‍ വനിത യുകാമ ഇമ്മാനുവേല ഒമിഡിനെ ചടുലമായ നീക്കത്തിലൂടെ കസ്റ്റംസ് പിടികൂടി.
ഇവരില്‍ നിന്നാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും ശക്തമായ മയക്ക് മരുന്ന് ശൃംഖലകളിലൊന്നിന്റെ തലപ്പത്തിരിക്കുന്ന ജെന്നിഫര്‍ എന്ന സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.
ഈ സംഘത്തെ ഇന്ത്യയില്‍ നിയന്ത്രിക്കുന്നത് ഡല്‍ഹിയില്‍ താമസമാക്കിയ സോഫിയ എന്ന സ്ത്രീയാണെന്നും വിവരം ലഭിച്ചു. നെടുമ്പാശേരിയില്‍ പിടിയിലായ മുരളീധരനില്‍ നിന്ന് ഡല്‍ഹിയില്‍ മയക്ക് മരുന്ന് സ്വീകരിക്കാനെത്തിയ സ്ത്രീയെ നിയോഗിച്ചതും സോഫിയായിരുന്നു. രണ്ട് ലക്ഷം രൂപ മുരളീധരനും രണ്ട് ലക്ഷം രൂപ ഈ സ്ത്രീക്കും പ്രതിഫലമായി ലഭിക്കും.
രണ്ട് വര്‍ഷത്തിനിടെ ഈ അന്താരാഷ്ട്ര സംഘം ഇന്ത്യയിലേക്ക് കടത്തിയത് ഇരുനൂറ് കോടിയിലേറെ വില വരുന്ന ലഹരിമരുന്നുകളാണെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും നെടുമ്പാശേരി വഴിയാണ് കടത്തിയതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
ഡല്‍ഹിയിലെത്തുന്ന മയക്കുമരുന്നുകള്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് മുതല്‍ ചില വന്‍കിട ഫാര്‍മസ്യുട്ടിക്കല്‍ കമ്പനികള്‍ക്ക് വരെ ലഭിക്കുന്നുണ്ട്. ഏതാണ്ട് മുപ്പതിലധികം രാജ്യങ്ങളില്‍ ജെന്നിഫറിന്റെ രാജ്യാന്തര മയക്ക് മരുന്ന മാഫിയയുടെ വേരുകള്‍ ആഴ്ന്ന് കിടക്കുന്നുണ്ട്.
കേരളത്തില്‍ എത്തുന്ന ലഹരിമരുന്നുകള്‍ ഇവിടെ തന്നെ വില്‍ക്കുന്നതോടാപ്പം തമിഴ്‌നാട് വഴി ശ്രീലങ്കയിലേക്ക് എത്തിക്കുന്നുമുണ്ട്. കടല്‍ മാര്‍ഗം തമിഴ്‌നാട്ടില്‍ വരുന്ന ചില ലങ്കന്‍ അഭയാര്‍ത്ഥികള്‍ ഇത്തരത്തില്‍ മയക്ക് മരുന്ന് കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരവുമുണ്ട്.
കേരളത്തില്‍ പൊലീസുകാര്‍ വരെ മയക്ക് മരുന്ന് മാഫിയയുടെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇടുക്കിജില്ലയിലെ പൊലീസുകാരനായ ഷാനവാസിനെ കഴിഞ്ഞ ദിവസം രാസ ലഹരിയുമായി അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് പോലുള്ള നാടന്‍ ലഹരി പദാത്ഥങ്ങള്‍ കൂടാതെ തന്നെ ഏതാണ്ട് 500 കോടിയിലധികം രൂപയുടെ മയക്ക് മരുന്നുകള്‍ കേരളത്തില്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പിടിച്ചിരുന്നു.
കൊച്ചി നഗരത്തില്‍ ഉള്ള ആയിരക്കണക്കിന് ഫ്‌ളാറ്റുകളില്‍ പലതിലും ആരാണ് താമസക്കാര്‍ എന്ന് പോലും പൊലീസിനെ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ അറിയാത്ത സ്ഥിതിയാണ്. കിട്ടുമ്പോൾ പിടിക്കുക എന്നതല്ലാതെ മയക്ക് മരുന്ന് മാഫിയക്കെതിരെ എക്‌സൈസും – പൊലീസും ഉള്‍പ്പെടുന്ന സംയോജിതമായ ഒരു നീക്കമോ, ഉന്നത തലത്തിലുള്ള ഏകോപനമോ ഇതുവരെയുണ്ടാകാത്തതും ലഹരി മാഫിയയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ വലിയൊരളവ് വരെ കാരണമായി.