‘മന്ത്രിമാര്‍ ഓൺലൈനിലും ഓഫീസിലും ഇരുന്നാല്‍ പോരാ, നാട്ടിലിറങ്ങണം’: കോടിയേരി
1 min read

തിരുവനന്തപുരം: മന്ത്രിമാര്‍ ഓഫീസിലും ഓൺലൈനിലും മാത്രം കേന്ദ്രീകരിക്കുന്നത് അവസാനിപ്പിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). ഓണ്‍ലൈന്‍ മാത്രം പോരാ. മന്ത്രിമാര്‍ കൂടുതല്‍ സജീവമാകണം. മന്ത്രിമാര്‍ നാട്ടിലിറങ്ങി സംസ്ഥാനത്തുടനീളം യാത്ര ചെയ്യേണ്ടതുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനത്തിലെ പോരായ്മ പാര്‍ട്ടിയല്ലേ ചര്‍ച്ച ചെയ്യുകയെന്ന് കോടിയേരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പ്രതികരിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് വകുപ്പിനെതിരെ വിമര്‍ശനം ഉണ്ടാകാത്ത കാലഘട്ടമുണ്ടായിട്ടുണ്ടോ? എല്ലാക്കാലത്തും പൊലീസിനെതിരെ വിമര്‍ശനമുണ്ടായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാനപാലനം കേരളത്തിലാണെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. എന്തു വില കൊടുത്തും സര്‍ക്കാരിനെ സംരക്ഷിക്കും. സംസ്ഥാന വികസനത്തെ കേന്ദ്രം തടസ്സപ്പെടുത്തുന്നു. വിഴിഞ്ഞം പദ്ധതി അടക്കം തടസ്സം സൃഷ്ടിക്കുന്നു. കേരളത്തില്‍ ഒരു വികസനവും നടക്കേണ്ട എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇതിനെതിരെ ബഹുജനപ്രക്ഷോഭം നടത്താന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണം നടക്കുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷവും ശ്രമിക്കുന്നു. കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന നീക്കങ്ങള്‍ കോണ്‍ഗ്രസിനാണ് പ്രയോജനപ്പെടുക. കിഫ്ബി പ്രവര്‍ത്തനങ്ങളെ തടയ്യപ്പെടുത്തുന്നത് സംസ്ഥാന വികസനത്തെ ശ്വാസം മുട്ടിക്കുന്ന നിലയിലേക്കാണ്. എല്ലാ സ്ഥലത്തും ഇഡി കടന്നുകയറി ഇടപെടുകയാണ്. രാജ്യത്തെമ്പാടും പ്രതിപക്ഷ നേതാക്കളെ ഇഡി വേട്ടയാടുകയാണ്. ഇതിന്റെ ഭാഗമായാണ് തോമസ് ഐസക്കിനെതിരായ നടപടിയും. ഇതിനെ നിയമപരമായി നേരിടാനാണ് ഐസക്കും കൂട്ടരും ശ്രമിക്കുന്നത്. ഈ കേസില്‍ ഹൈക്കോടതി വിധി ഇഡിക്കേറ്റ തിരിച്ചടിയാണ്.
കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കാന്‍ പറ്റാത്തത് പൂര്‍ത്തികരിക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി നിർദേശിച്ചു. വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. എല്ലാവര്‍ക്കും നീതി ഉറപ്പാക്കേണ്ടതിന് സര്‍ക്കാര്‍ ശ്രദ്ധചെലുത്തണം. സര്‍ക്കാര്‍ എല്ലാവരുടേതുമാണ്. കൂടുതല്‍ ജനങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചു. എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം സമുചിതം ആഘോഷിക്കണമെന്ന് കോടിയേരി നിര്‍ദേശിച്ചു.
കേരളത്തില്‍ ഗവര്‍ണറെ ഉപയോഗിച്ചും സര്‍ക്കാരിനെതിരെ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ കാഠിന്യം കൂടിയിട്ടുണ്ട്. ഗവര്‍ണറുടെ നിലപാടുകള്‍ ജനാധിപത്യ വിരുദ്ധമാണ്. സര്‍ക്കാരും ഗവര്‍ണറും യോജിച്ചുപോകേണ്ട ഭരണഘടനാ സ്ഥാപനങ്ങളാണ്. അത്തരത്തിലുള്ള നടപടികളല്ല ഗവര്‍ണര്‍ സ്വീകരിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ ജനാധിപത്യപ്രക്രിയയെ ദുര്‍ബലപ്പെടുത്തും. ഗവര്‍ണര്‍ തന്നെ പാസ്സാക്കിയ 11 ഓര്‍ഡിനന്‍സുകളാണ് വീണ്ടും പുതുക്കാതെ തിരിച്ചയച്ചിട്ടുള്ളത്. ഗവര്‍ണര്‍ നടത്തുന്നത് കൈവിട്ട കളിയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
കെ ടി. ജലീലിന്റെ ആസാദ് കശ്മീര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഇതു പരിശോധിച്ച് പ്രതികരിക്കേണ്ടതുണ്ടെങ്കില്‍ അഭിപ്രായം പറയും. മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമോ എന്ന ചോദ്യത്തിന്, സിപിഎം മന്ത്രിമാരെ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പ്രതികരണം. കോഴിക്കോട് മേയര്‍ ബാലഗോകുലം പരിപാടിയില്‍ പോയത് തെറ്റാണെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അതു തന്നെയാണ് നടപടി. ചില മേയര്‍മാരുടെ ധാരണ വിളിക്കുന്ന സ്ഥലത്തെല്ലാം പോകേണ്ടതാണെന്നാണ്. അതുകൊണ്ട് പറ്റിയതാണ് ഇതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കുഞ്ചാക്കോ ബോബന്റെ സിനിമ ബഹിഷ്‌കരിക്കണമെന്ന് സിപിഎം പറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പറയുന്നതെല്ലാം പാര്‍ട്ടിയുടെ നിലപാടല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കര്‍ക്കടക വാവുമായി ബന്ധപ്പെട്ട പി ജയരാജന്റെ പോസ്റ്റ് അദ്ദേഹം തന്നെ പിന്‍വലിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.