NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരിൽ മാധ്യമ പ്രവർത്തകന് മർദ്ദനം: ക്യാമറ തകർത്തു

തിരൂരിൽ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പ്ലാസ്റ്റിക് പരിശോധന ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ ചാനല്‍ കാമറാമാന് മര്‍ദ്ദനം.തിരൂർ ടിസിവി കാമറാമാന്‍ ഷബീറിനാണ് യുവാവിൻ്റെ മര്‍ദ്ദനമേറ്റത്. കാമറയും അക്രമി തകര്‍ത്തു. ഷബീർ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ തിരൂര്‍ പൊലീസ് ലെയിനില്‍ വഴിയോരക്കച്ചവടം നടക്കുന്നയിടത്താണ് സംഭവം ഉണ്ടായത്. വഴിയോരക്കച്ചവടക്കാര്‍ പ്ലാസ്റ്റിക് കവര്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്കായി ആരോഗ്യവിഭാഗത്തിലെ വനിതാ ജീവനക്കാരിയടക്കം എത്തി പരിശോധന നടത്തുമ്പോൾ ആണ് അക്രമം അരങ്ങേറിയത്. ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്ന ഷബീറിനെ മദ്യപാനിയായ ഇയാൾ മർദ്ദിക്കുകയായിരുന്നു.

 

പരിശോധന നടക്കുമ്പോള്‍ ഇയാള്‍ വനിതാ ജീവനക്കാരിയോട് കേള്‍ക്കാനാകാത്ത തരത്തില്‍ അസഭ്യം പറയുകയായിരുന്നു. ഈ സമയം പരിശോധനയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്ന ടിസിവി ചാനല്‍ കാമറാമാന്‍ ഷബീര്‍ ഇതിനെ ചോദ്യം ചെയ്യുകയും സ്ത്രീകളോട് അസഭ്യം പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

 

ഈസമയം, ഇയാള്‍ ഷബീറിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും കാമറയില്‍ ഇടിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ഷബീറിന്റെ നെറ്റി പൊട്ടി രക്തം വരുകയും കാമറയ്ക്കും കേടുപറ്റി.

മര്‍ദ്ദിച്ച ശേഷം വാഹനത്തില്‍ കയറിപ്പോകും മുമ്പും ഇയാള്‍ അസഭ്യവര്‍ഷം തുടരുന്നുണ്ടായിരുന്നു. ഷബീര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.സംഭവത്തിൽ തിരൂർ പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു..

 

Leave a Reply

Your email address will not be published.