മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ ഭർത്താവ് മെഹ‍്‍നാസ് പോക്സോ കേസിൽ അറസ്റ്റില്‍.


കോഴിക്കോട്: ദുരൂഹസാഹചര്യത്തിൽ ദുബൈയിൽ തൂങ്ങി മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ ഭർത്താവ് മെഹ‍്‍നാസ് പോക്സോ കേസിൽ അറസ്റ്റില്‍. മെഹ്നാസ് റിഫയെ വിവാഹം കഴിക്കുമ്പോൾ പ്രായപൂർത്തിയാ യിരുന്നില്ലെന്ന് കണ്ടത്തിയാണ് പോലീസ് നടപടി.
കോഴിക്കോട് കാക്കൂർ പോലീസാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. തുടർന്ന് താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാസര്‍കോട്ടെത്തി മെഹ്നാസിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മെഹ്നാസിനെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും. പ്രശസ്ത വ്‌ളോഗറായിരുന്ന റിഫയെ കഴിഞ്ഞ മാർച്ചിൽ ദുബൈയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ന്തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ചാണ് ഖബറടക്കിയത്. റിഫയുടെ മരണം ആത്മഹത്യയല്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചിരുന്നു.
സത്യാവസ്ഥ പുറത്തുകൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് പിതാവ് റാഷിദ് റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസന് പരാതി നൽകിയിരുന്നു. തുടർന്ന് ഖബറടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും തൂങ്ങിമരണം എന്നായിരുന്നു അന്തിമ റിപ്പോർട്ട്.
അതേ സമയം, ഭർത്താവ് മെഹ്നാസിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനും ശാരീരിക മാനസിക പീഡനത്തിനും കേസെടുത്തിരുന്നു. ഈകേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വരാനിരിക്കെയാണ് ഇപ്പോഴത്തെ അറസ്റ്റ്. മരണപ്പെട്ട റിഫ കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്.