ദേശീയ പണിമുടക്ക് ഇന്ന് അര്‍ധ രാത്രിയോടെ ആരംഭിക്കും


കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിരായ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രിയോടെ ആരംഭിക്കും. ബുധനാഴ്ച രാത്രി 12 മുതല്‍ വ്യാഴാഴ്ച രാത്രി 12 മണിവരേയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കുന്നത് എന്നതിനാൽ കേരളത്തിലെ ഇടത് വലതു യൂണിയനുകൾ സംസ്ഥാനത്ത് സമരത്തിൽ അണിചേരും. ടാക്സി, ഓട്ടോ, കെഎസ്ആർടിസി സർവ്വീസുകളും മുടങ്ങും കടകളും തുറക്കില്ല.പാല്‍, പത്രം, ആശുപത്രി, ടൂറിസം സർവീസുകളെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര ട്രേഡ് യൂനിയനുകളും, പൊതുമേഖലാ ജീവനക്കാരുടെ ഫെഡറേഷനുകളും, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ഒന്നിച്ചു നടത്തുന്ന പണിമുടക്കില്‍ ദേശീയ തലത്തിലെ പത്ത് സംഘടനകള്‍ക്കൊപ്പം സംസ്ഥാനത്ത് നിന്നുള്ള 13 തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നതോടെ ഫലത്തിൽ പണിമുടക്ക് സംസ്ഥാനത്ത് ബന്ദായിമാറും.