തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു, താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തണം: കെ.പി.എ മജീദ്


തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തികളുടെ ഭാഗമായി മൂന്ന് കോടിയിലതികം രൂപ ചെലവഴിച്ച് നടപ്പാക്കിയ 10 ഐ.സി.യു ബെഡുകളോട് കൂടിയ ശീതീകരിച്ച കാഷ്വാല്‍റ്റി നവീകരണം, എട്ട് ബെഡുകളടങ്ങിയ മെഡിക്കല്‍ ഐ.സി.യു, ആറ് ബെഡുകളടങ്ങിയ എന്‍.ഐ.സി.യു, നെഗറ്റീവ് പ്രഷര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ബയോമെഡിക്കല്‍ വേസ്റ്റ് ഡിസ്‌പോസല്‍ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ കുടുംബ ക്ഷേമവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായ ചടങ്ങില്‍ സുപ്രണ്ട് ഡോ. പ്രഭുദാസ് റിപ്പോര്‍ട്ട് അവതരണവും നടത്തി.
ചടങ്ങില്‍ സി.പി സുഹ്‌റാബി, സി.പി ഇസ്മായീല്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, സുജിനി, വഹീദ ചെമ്പ, കക്കടവത്ത് അഹമ്മദ് കുട്ടി, ജാഫര്‍ കുന്നത്തേരി, പി.കെ അസീസ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം അബ്ദുറഹ്മാന്‍ കുട്ടി, എം.പി ഇസ്മായീല്‍, മൊയ്തീന്‍ കോയ, സിദ്ധീഖ് പനക്കല്‍, വി.പി കുഞ്ഞാമു, സി.പി ലത്തീഫ്, സി.പി വഹാബ്, കെ രത്‌നാകരന്‍, പ്രഭാകരന്‍ പ്രസംഗിച്ചു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ നവീകരണ പ്രവൃത്തികള്‍ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി നിരവധി ഫണ്ടുകള്‍ ചിലവഴിച്ചിട്ടുണ്ട്. ജില്ലയിലെ തന്നെ മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയാണ് തിരൂരങ്ങാടിയിലേത്. തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ജില്ലാ ആശുപത്രിയും മഞ്ചേരിയില്‍ മെഡിക്കല്‍ കോളേജുമുണ്ട്. എന്നാല്‍ ജില്ലയില്‍ ഒരറ്റ ജനറല്‍ ആശുപത്രി ഇല്ല. ജില്ലയില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാക്കാനുള്ള എല്ലാ സ്ഥല സൗകര്യവുമുണ്ടെന്നും 114 കോടിയുടെ സമഗ്ര വികസന പ്ലാന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മജീദ് പറഞ്ഞു.