വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ചു: പോലീസിന്റെ മർദനമേറ്റാണ് മരിച്ചതെന്ന് ബന്ധുക്കൾ.


കോഴിക്കോട്: വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. പോലീസിന്റെ മർദനമേറ്റാണ് മരിച്ചതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചു.
സജീവനും സുഹൃത്തുക്കളെയും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയതുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്.ഐയും ഒരു കോൺസ്റ്റബിളും മർദിക്കുകയായിരുന്നെന്ന് സുഹൃത്തുക്കൾ ആരോപിച്ചു.
ഇതോടെ സജീവൻ സ്റ്റേഷന് മുന്നിൽ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ട സജീവൻ ഇക്കാര്യം പോലീസിനോട് പറഞ്ഞിരുന്നെങ്കിലും ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് സ്‌റ്റേഷനിൽ ഇരുത്തുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞിട്ടും പോലീസ് സമ്മതിച്ചില്ല.
പോലീസ് വാഹനം ഉണ്ടായിട്ടും അതിൽ കൊണ്ടുപോകാനോ ആംബുലൻസ് വിളിക്കാനോ പോലീസ് തയാറായില്ല. കുഴഞ്ഞുവീഴുന്നത് കണ്ട ഓട്ടോതൊഴിലാളികളാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് എത്തിക്കുന്നത്. അപ്പോഴേക്കും മരിച്ചിരുന്നെന്നും കൂടെയുണ്ടായിരുന്നവർ പറഞ്ഞു.
എന്നാൽ കസ്റ്റഡിയിൽ സജ്‌ജീവനെ മർദിച്ചെന്ന ആരോപണം പോലീസ് നിഷേധിച്ചു. അതേസമയം, വടകരയിൽ പോലീസ് കസ്റ്റഡിയിൽ യുവാവ് മരണപ്പെട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഹരിദാസ് ആണ് അന്വേഷണം നടത്തുക. കസ്റ്റഡിയിലെടുത്ത സജീവനെയും സുഹൃത്തുക്കളെയും വടകര എസ്ഐ മർദ്ദിച്ചതായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം.
സജീവന്റെ പോസ്റ്റ്‍മോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തും. പോസ്റ്റ്‍മോർട്ടനടപടികൾ ആർഡിഒയുടെ സാന്നിധ്യത്തിലാണ് നടക്കുക. കസ്റ്റഡിയിൽ മർദ്ദനമേറ്റന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇത്.