‘ദുരിത ശാന്തിയ്ക്കായി പ്രത്യേക പൂജ ചെയ്യണം’; വീട്ടമ്മയെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടി

പ്രതീകാത്മക ചിത്രം

കുടുംബസംബന്ധമായ ദുരിതശാന്തിക്കായി പൂജ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടി. വീട്ടിലെത്തിയ രണ്ടംഗ സംഘമാണ് തട്ടിപ്പ് നടത്തിയത്. വടക്കേക്കര പഞ്ചായത്ത് അണ്ടിപ്പിള്ളിക്കാവ് സ്വദേശിനിയായ വീട്ടമ്മയുടെ പണവും സ്വര്‍ണവുമാണ് തട്ടിയത്.
വീട്ടിലെത്തിയ രണ്ടുപേര്‍ മക്കളെക്കുറിച്ചുള്ള വിവരം തിരക്കുകയും വീട്ടമ്മ അത് വെളിപ്പെടുത്തുകയും ചെയ്തു. ഗള്‍ഫിലുള്ള മകന് വലിയ ആപത്തുണ്ടാകുമെന്നും പ്രത്യേക പൂജകള്‍ ചെയ്താല്‍ അതൊഴിവാകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പൂജ നടത്തുന്നതിന് സ്വര്‍ണം ആവശ്യമാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
സ്വര്‍ണം നല്‍കുന്നതില്‍ ആദ്യം വീട്ടമ്മ വിമുഖത കാട്ടിയെങ്കിലും മകന് ആപത്ത് അടുത്തിരിക്കുകയാണെന്ന് പലകുറി പറഞ്ഞശേഷം അവര്‍ സ്വര്‍ണം കൊടുക്കാന്‍ വഴങ്ങുകയായിരുന്നു. ഒന്നരപ്പവന്റെ മാല, അരപ്പവന്‍, കാല്‍പ്പവന്‍ വരുന്ന മോതിരങ്ങള്‍, 1400 രൂപ എന്നിവ ഇവരെ ഏല്‍പ്പിച്ചു.
പൂജകഴിഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകൊണ്ടുത്തരാമെന്ന് ഇവര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല. അതോടെ ബന്ധുക്കളെ വിവരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.