സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് ബസ് ചാർജ് തോന്നിയ പോലെ, നടപടി എടുക്കാതെ ഉദ്യോഗസ്ഥർ

പ്രതീകാത്മക ചിത്രം

തിരൂരങ്ങാടി: സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസ്സുകൾ അമിത ചാർജ് ഈടാക്കുന്നതായി വ്യാപക പരാതി. തിരൂരങ്ങാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളാണ് പലരും ഇത്തരത്തിൽ അമിത ചാർജ് ഈടാക്കുന്നത്.
അഞ്ചു രൂപ മുതൽ മുകളിലോട്ടാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. ഒന്നിലേറെ ബസുകളിൽ സ്കൂളിൽ എത്തേണ്ട വിദ്യാർഥികൾക്ക് ഭീമമായ തുകയാണ് ദിവസവും നൽകേണ്ടി വരുന്നത്. കൂടുതൽ മക്കളുള്ള രക്ഷിതാക്കൾക്ക് ഈ ഇനത്തിൽ മാത്രം ഭീമമായ തുകയാണ് ചെലവാകുന്നത്. പല ബസ്സുകളും തോന്നിയത് പോലെയാണ് ചാർജ് ഈടാക്കുന്നത്. ഒരു രൂപ, രണ്ടു രൂപ തോതിൽ നൽകുന്ന വിദ്യാർത്ഥികളെ മറ്റുള്ളവരുടെ മുമ്പിൽ അപമാനിക്കാനും ഇറക്കി വിടാനും ശ്രമിക്കുന്നതായും പരാതിയുണ്ട്.
ഇതിനെ തുടർന്ന് ഇവർ അഞ്ചുരൂപ കൊടുക്കാൻ നിർബന്ധിതരാവുകയാണ്. പല ബസ്സുകളും വിദ്യാർത്ഥികളെ കാണുമ്പോൾ സ്റ്റോപ്പുകളിൽ നിർത്താതെ പോവുകയും, സ്കൂൾ സ്റ്റോപ്പ് എത്തുന്നതിന് തൊട്ടുമുമ്പായി ബോർഡുകൾ മറച്ചുവെക്കുന്നതായും വ്യാപക പരാതിയുമുണ്ട്. അധികൃതർക്ക് ഇത് സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചിട്ടും ബസ്സുകാരെ സഹായിക്കുന്ന നിലപാടാണ് തുടരുന്നതെന്ന് ആരോപണമുണ്ട്.