സ്കൂൾ വളപ്പിൽ വെച്ച് വിദ്യാർത്ഥിയെ കടിച്ച നായ ചത്തുവീണു: പോസ്റ്റുമോർട്ടത്തിൽ നായക്ക് പേ ബാധയുള്ളതായി സ്ഥിരീകരിച്ചു.


തേഞ്ഞിപ്പലം : സ്കൂൾ വളപ്പിൽ വെച്ച് വിദ്യാർത്ഥിയെ കടിച്ച ശേഷം പരാക്രമം കാണിച്ച നായ ചത്തു വീണു. പോസ്റ്റുമോർട്ടത്തിൽ നായക്ക് പേ ബാധയുള്ളതായി സ്ഥിരീകരിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് ജി.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയെയാണ് നായ കടിച്ചത്.
ഇന്നലെ രാവിലെയാണ് സംഭവം. സ്കൂളിലേക്ക് വരുമ്പോൾ സ്കൂൾ മുറ്റത്ത് വെച്ച് നായ കടിക്കുകയായിരുന്നു. തുടർന്ന് ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ നിലത്തുരുണ്ട ശേഷം പുറത്തേക്കോടി സ്കൂൾ വളപ്പിൽ തന്നെ ചത്തു വീണു.
പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . നായയുടെ ജഡം വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ എത്തിച്ച് നടത്തിയ പോസ്റ്മോർട്ടത്തിൽ പേ വിഷബാധ സ്ഥിരീകരിച്ചു.