NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആഘോഷം അപകടരഹിതമാക്കാൻ മുന്നിട്ടിറങ്ങി മോട്ടോർ വാഹന വകുപ്പ്, വിനോദ കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധന.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചെരുപ്പടി മലയിൽ പരിശോധന നടത്തുന്നു.

തിരൂരങ്ങാടി: പെരുന്നാൾ ആഘോഷം പ്രമാണിച്ച് നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസ പ്രകടനത്തിനും ‘ റൈസിങ്ങിനും എത്തുന്നത് തടയാനും, നിയമലംഘിച്ച് നിരത്തിലിറങ്ങുന്നത് തടയാനും വിനോദ കേന്ദ്രങ്ങൾ, പ്രധാന ടൗണുകൾ, ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ച് മഫ്തിയിൽ ക്യാമറ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.

 

വിനോദ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന. കഴിഞ്ഞദിവസം തിരൂരങ്ങാടി താലൂക്കിലെ, പ്രധാന ടൗണുകൾ തീരദേശ മേഖല, ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ചും റോഡ് സുരക്ഷ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിയമലംഘനങ്ങൾക്കെതിരെ നടപടിയുമായി ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയത്.

 

തിരൂരങ്ങാടി ജോയിൻ്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശ പ്രകാരം എം.വി.ഐ.എം.കെ പ്രമോദ് ശങ്കർ, എ.എം.വി.ഐ മാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, എസ്.ജി.ജെസി, ടി. മുസ്തജാബ് എന്നിവരുടെ നേതൃത്വത്തിൽ തിരൂരങ്ങാടി, പരപ്പനങ്ങാടി, എടരിക്കോട്, വേങ്ങര, ചെരുപ്പടിമല എന്നീ മേഖല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിയിൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത് ഒന്ന്, ഇൻഷുറൻസ് ഇല്ലാത്തത് രണ്ട്, ഫിറ്റ്നസ് ഇല്ലാത്തത് ഒന്ന്, ഹെൽമറ്റ് ധരിക്കാത്തത് 4, ഇരുചക്ര വാഹനങ്ങളുടെ സൈലൻസർ ആൾട്ടറേഷൻ (രൂപ മാറ്റം) ചെയ്തത് രണ്ട് തുടങ്ങി 10 കേസുകളിലായി 23,000 രൂപ പിഴ ഈടാക്കി.

 

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വാഹനവുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്നും, കുട്ടികൾ വാഹനവുമായി നിരത്തിലിറങ്ങുന്നത് തടയാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും, ആഘോഷവേളകൾ ആനന്ദപൂർണമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും ജോയിൻ്റ് ആർടിഒ എം.പി. അബ്ദുൽ സുബൈർ പറഞ്ഞു.

 

Leave a Reply

Your email address will not be published.