തിരൂരിൽ ചത്ത പോത്തിനെ അറുത്ത് വില്പന നടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.


തിരൂർ: ചത്ത പോത്തിനെ കണ്ടെയിനർ ലോറിലിട്ട് അറുക്കാനുള്ള ഫാം നടത്തിപ്പുകാരന്‍റെ ശ്രമം നാട്ടുകാർ തടഞ്ഞു. നാട്ടുകാർ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വിഭാഗം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതർ സ്ഥലത്തെത്തിയപ്പോഴേക്കും ഒന്നിനെ അറുത്ത് തൊലി ഉരിഞ്ഞ നിലയിലും മറ്റു രണ്ടെണ്ണത്തിനെ അറുത്ത നിലയിലുമായിരുന്നു.
ആലത്തിയൂർ വെള്ളോട്ട് പാലത്തിൽ ഫാം നടത്തുന്ന പുതുപ്പള്ളി സ്വദേശി സലീമാണ് പെരുന്നാൾ വിപണി ലക്ഷ്യമിട്ട് ഹരിയാനയിൽനിന്ന് പോത്തുകളെ എത്തിച്ചത്. കൊണ്ടുവരും വഴി കണ്ടെയിനർ ലോറിൽ വെച്ച് ചത്ത മൂന്നെണ്ണത്തിനെ കണ്ടെയിനർ ലോറിലിട്ട് വാതിലുകൾ അടച്ച് അറുത്തു മാംസമാക്കി വിൽക്കാനാണ് ശ്രമിച്ചത്.
26 പോത്തുകളെയാണ് ഫാം ഉടമ ഹരിയാനയിൽനിന്ന് കൊണ്ടുവന്നത്. എന്നാൽ ഹരിയാനയിൽ നിന്ന് വിവിധകാരണങ്ങളാൽ നിശ്ചയിച്ചതിലും മൂന്ന് ദിവസം വൈകിയാണ് പോത്തുമായി കണ്ടെയിനർ ലോറി നാട്ടിലെത്തിയത്. അപ്പോഴേക്ക് മൂന്നെണ്ണം ചത്തിരുന്നു.
എന്നാൽ ഇത് പുറത്തറിയിക്കാതെ അറുത്ത് വിൽപന നടത്താൻ ഉടമയും ലോറിയിലുണ്ടായിരുന്നവരും ശ്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മാംസത്തിൽ അറവുകാരെ ക്കൊണ്ട്തന്നെ ഡീസൽ ഒഴിപ്പിച്ചു. നാട്ടുകാരും പഞ്ചായത്ത് അധികൃതരും ഉടമക്കെതിരെ പോലീസിൽ പരാതി നൽകി.
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശാലിനി, വൈസ് പ്രസിഡന്റ് അബ്ദുൽ ഫുക്കാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം. ലൈല, സെക്രട്ടറി പി.പി. അബ്ബാസ്, ജെ.എച്ച്.ഐ ഫസൽ ഗഫൂർ, വെറ്ററിനറി സർജൻ ഡോ. മേഘ എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അനധികൃതമായിട്ടാണ് ഫാം നടത്തുന്നതെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ചത്ത പോത്തുകളെ ഫാം ഉടമയുടെ സ്ഥലത്ത് തന്നെ കുഴിച്ചുമൂടാനും അധികൃതർ നിർദേശം നൽകി.