NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വി.ഡി സതീശന്‍ ആര്‍.എസ്.എസ് പരിപാടിയില്‍, ചിത്രം പങ്കുവെച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ്

1 min read

വി.ഡി സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ച്് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്റര്‍. 2013 മാര്‍ച്ച് 24ന് ഭാരതീയ വിചാരകേന്ദ്രം പരിപാടിയില്‍ പങ്കെടുക്കുന്നതാണ് ചിത്രം. ചിത്രത്തിനൊപ്പം ഒരു കുറിപ്പും സദാനന്ദന്‍ മാസ്റ്റര്‍ പങ്കുവെച്ചു.

കുറിപ്പ് ഇങ്ങനെ..

ഇത് ശ്രീ വി.ഡി. സതീശന്‍ നമ്മുടെ പ്രതിപക്ഷ നേതാവ്.. ചില ഓര്‍മ്മച്ചിത്രങ്ങള്‍ ഇവിടെ പങ്കുവെയ്ക്കട്ടെ.. ദുരുദ്ദേശമൊന്നുമില്ല, ചിലരുടെ ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയാന്‍ ഉപകരിക്കും. അതു കൊണ്ടു മാത്രം.2013 മാര്‍ച്ച് 24ന് തൃശൂര്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍ വെച്ചു നടന്ന പ്രൗഢമായ ഒരു ചടങ്ങ്. സംഘാടകര്‍ വൈചാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന RSS ന്റെ അനുബന്ധ പ്രസ്ഥാനമായ പ്രജ്ഞാ പ്രവാഹിന്റെ കേരള ഘടകമായ ഭാരതീയ വിചാരകേന്ദ്രം, തൃശൂര്‍ ജില്ലാ കമ്മറ്റി. (അന്ന് ഞാന്‍ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി എന്ന ചുമതലയിലായിരുന്നു). RSS ന്റെ വരിഷ്ഠ പ്രചാരകനും ഹിന്ദുത്വ ദേശീയാദര്‍ശങ്ങളുടെ ഉജ്വല വക്താവുമായിരുന്ന സ്വര്‍ഗീയ പരമേശ്വര്‍ജി സമ്പാദനം നിര്‍വഹിച്ച ‘സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങായിരുന്നു അത്. വിചാര കേന്ദ്രത്തിന്റെ ജില്ലാ സമ്മേളനവും.

ചടങ്ങില്‍ സംബന്ധിച്ച വിശിഷ്ടാതിഥികളില്‍ പ്രഥമഗണനീയന്‍ അന്ന് MLA മാത്രമായിരുന്ന ശ്രീ വി.ഡി.സതീശനായിരുന്നു. RSS പ്രചാരകനായ ശ്രീ ജെ.നന്ദകുമാര്‍, അന്നത്തെ വിചാരകേന്ദ്രം സംഘടനാ കാര്യദര്‍ശി RSS പ്രചാരകന്‍ ശ്രീ കാ ഭാ സുരേന്ദ്രന്‍, സാഹിത്യ സാംസ്‌കാരിക ആത്മീയ രംഗത്തെ പ്രമുഖരായ സ്വാമി സദ്ഭവാനന്ദജി, ശ്രീ ആഷാ മേനോന്‍, ഡോ. ലക്ഷ്മീകുമാരി, ഡോ. സുവര്‍ണ നാലപ്പാട്ട്, വിചാര കേന്ദ്രം സംസ്ഥാന പ്രസിഡണ്ട് ഡോ. എം. മോഹന്‍ദാസ് തുടങ്ങിയവരൊക്കെ വേദിയിലുണ്ടായിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇന്നത്തെ നമ്മുടെ പ്രതിപക്ഷ നേതാവ് ഇരുപത് മിനിറ്റോളം നീണ്ട തന്റെ പ്രസംഗത്തിനിടയില്‍ വിചാര കേന്ദ്രം പ്രതിനിധാനം ചെയ്യുന്ന ഭാരതീയ ദര്‍ശനങ്ങളെക്കുറിച്ചും സ്വാമി വിവേകാനന്ദനെക്കുറിച്ചും സാത്വിക പ്രതിഭയായ പരമേശ്വര്‍ജിയെക്കുറിച്ചുമൊക്കെ മനോഹരമായി പ്രതിപാദിച്ചു. കൂട്ടത്തില്‍ കപട മതേതരത്വത്തെക്കുറിച്ച് ചെറുതായൊന്ന് തോണ്ടാനും മറന്നില്ല. സതീശന്റെ ആത്മാവിഷ്‌ക്കാരമായി പുറത്തു വന്ന വാക്കുകള്‍ കേട്ട് ഞങ്ങളൊക്കെ ഏറെ സന്തോഷിച്ചു!

എന്തുകൊണ്ട് ഇതിപ്പോള്‍ എന്ന തോന്നലുണ്ടാകാം. ഇപ്പോഴാണിത് വേണ്ടത്. സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ, രാഷ്ട്ര വിരുദ്ധ പ്രസംഗത്തെ സതീശന്‍ താരതമ്യപ്പെടുത്തുന്നത് പൂജനീയ ഗുരുജിയുടെ പരാമര്‍ശങ്ങളോടാണ്. ശ്രീ ഗുരുജിയുടെ വിചാരധാരയോടാണ്. ഇത്രമേല്‍ ദേശദ്രോഹമാണ് ഗുരുജിയുടെ ചിന്തകളെങ്കില്‍ ആ മഹാമനീഷി പ്രചരിപ്പിച്ച ദര്‍ശനങ്ങള്‍ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഭാരതീയ വിചാര കേന്ദ്രത്തിന്റെ ചടങ്ങില്‍ സതീശന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സ്വീകരണം ഏറ്റുവാങ്ങിയതെന്തിന്? കേസരി വാരികയുടെ ചടങ്ങില്‍ ജെ. നന്ദകുമാറിനൊപ്പം പങ്കെടുത്ത ലീഗ് നേതാവ് ശ്രീ KNA ഖാദറിനെ പുലഭ്യം പറഞ്ഞവരുടെ കൂട്ടത്തിലും സതീശന്‍ മുന്നിലുണ്ടായിരുന്നു.

സതീശന് ‘വെറുക്കപ്പെട്ട’ സംഘടനയായ RSS ഉം വിചാരകേന്ദ്രവും തമ്മിലുള്ള ബന്ധ മറിയാമായിരുന്നില്ലേ.? എന്തിനു വേണ്ടിയാണ് ഇവരീ വേഷം കെട്ടുന്നത്? എന്തിനാണീ ആത്മവഞ്ചന? നിങ്ങളൊക്കെ എന്നാണ് RSS നെ ശരിയായി മനസ്സിലാക്കുക? അതോ മനസ്സിലായിട്ടും മറ്റു പലതിനും വേണ്ടി പൊട്ടന്‍ കളിക്കുകയാണോ? ഏതായാലും സതീശനെതിരെ RSS നോട്ടീസയച്ചിട്ടുണ്ട്. പേടിപ്പിക്കേണ്ടെന്നും നിയമപരമായി നേരിടുമെന്നുമാണ് സതീശന്റെ വീരവാദം. ആരെയും പേടിപ്പിക്കുന്ന ശീലം RSS ന് ഇല്ല. എന്നാല്‍ ചുരുങ്ങിയ മര്യാദ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു. കോടതിയില്‍ സതീശന്‍ എന്തു പറയുന്നു എന്നു കേള്‍ക്കാന്‍ കേരളം കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!