നായാട്ടിനിടെ ആദിവാസി യുവാവിന് വെടിയേറ്റു, കൂടെയുണ്ടായിരുന്നവര്‍ മൃതദേഹം വനത്തില്‍ കുഴിച്ചുമൂടി

പ്രതീകാത്മക ചിത്രം

നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റു മരിച്ചു. ഇടുക്കി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രനാണ് മരിച്ചത്. മൂന്നാര്‍ പോതമേട് കാടിനുള്ളില്‍ വെച്ചാണ് മഹേന്ദ്രന്‍ വെടിയേറ്റ് മരിക്കുന്നത്. സംഭവം മറയ്ക്കാന്‍ കൂടെയുള്ളവര്‍ മൃതദേഹം വനത്തില്‍ കുഴിച്ചിട്ടു. സംഭവത്തില്‍ കുഞ്ചിത്തണ്ണി സ്വദേശികള്‍ പൊലീസില്‍ കീഴടങ്ങിയതാണ് വിവരം. അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പൊലീസിനോട് പ്രതികള്‍ പറഞ്ഞത്.
കഴിഞ്ഞ 28 ആം തിയതിയാണ് മഹേന്ദ്രനെ കാണാതാകുന്നത്. രണ്ടാം തിയ്യതി ബന്ധുക്കള്‍ ഇയാളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ മഹേന്ദ്രന്‍ നായാട്ടിന് പോയിരുന്നതായി കണ്ടെത്തി. പൊലീസ് അന്വേഷണത്തെ കുറിച്ച് അറിഞ്ഞ നായാട്ട് സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ പൊലീസ് സ്റ്റേഷനിലെത്തുകയും വിവരം അറിയിക്കുകയുമായിരുന്നു.
നായാട്ടിനിടെ അബദ്ധത്തില്‍ മഹേന്ദ്രന് വെടിയേല്‍ക്കുകയാരുന്നുവെന്നും മൃതദേഹം കുഴിച്ചിട്ടുവെന്നുമാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് സംഘം മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇവിടെയുണ്ടോ എന്നതില്‍ വ്യക്തതയില്ല. അടുത്ത മണിക്കൂറുകളില്‍ പരിശോധന നടത്തി മൃതദേഹം പുറത്തെടുക്കും.