പുതിയ മന്ത്രിയില്ല, സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മൂന്നു മന്ത്രിമാര്‍ക്കായി വിഭജിച്ചു


കഴിഞ്ഞ ദിവസം രാജിവെച്ച സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മൂന്നു മന്ത്രിമാര്‍ക്കായി വിഭജിച്ചു നല്‍കി. വി.എന്‍ വാസവന്‍, വി. അബ്ദുറഹിമാന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കാണ് വകുപ്പുകള്‍ നല്‍കിയത്.
സിനിമ, സാംസ്‌കാരിക വകുപ്പ് വിഎന്‍ വാസവന് നല്‍കി. വി. അബ്ദുറഹിമാനാണ് ഫിഷറീസിന്റെ ചുമതല. മുഹമ്മദ് റിയാസിന് യുവജനകാര്യ വകുപ്പിന്റെ കൂടി ചുമതല നല്‍കി. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.
പുതിയ മന്ത്രി ഉടന്‍ വേണ്ടെന്നും മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ചു നല്‍കാനും വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം മുഖ്യമന്ത്രിക്കു നിര്‍ദേശം നല്‍കിയിരുന്നു. മല്ലപ്പള്ളി പ്രസംഗത്തില്‍ ഭരണഘടനയെ അധിക്ഷേപിച്ച സംഭവം വിവാദമായതോടെയാണ് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ സി.പി.എം പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശമുണ്ടായത്. ജനത്തെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് രാജ്യത്തിന്റേതെന്നും ബ്രിട്ടീഷുകാരന്‍ പറഞ്ഞതും തയാറാക്കിക്കൊടുത്തതുമായ ഭരണഘടനയാണ് എഴുതിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ദേശ്യം നല്ലതാണെന്നും നാക്കുപിഴയാണ് മന്ത്രിക്കു സംഭവിച്ചതെന്നും വിശദീകരിച്ച് കഴിഞ്ഞ ദിവസം സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സജി ചെറിയാനെ ന്യായീകരിച്ചിരുന്നു. എന്നാല്‍ സിപിഎം നേതൃത്വം ഇന്ന് എ.ജിയോടടക്കം നിയമോപദേശം തേടിയപ്പോള്‍ മന്ത്രി തുടരുന്നത് അനുചിതമാണെന്ന നിലയിലാണ് പ്രതികരണം ലഭിച്ചത്. ഇതോടെ രാജി അനിവാര്യമായി വരികയായിരുന്നു.