NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് സജി ചെറിയാന്‍, രാജിവെയ്ക്കേണ്ടതില്ലെന്ന് സി.പി.എം

ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍. തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെ കുറിച്ചാണ് പ്രസംഗിച്ചത്. ചൂഷിത ജനവിഭാഗത്തിന് ആശ്വാസം ലഭിക്കാന്‍ ഭരണഘടന ശാക്തീകരിക്കണമെന്നും അത് തന്റേതായ രീതിയില്‍ പറയുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. ഭരണഘടനക്ക് അവമതിപ്പ് ഉണ്ടാക്കും വിധം സംസാരിച്ചില്ല. അസമത്വങ്ങള്‍ക്ക് എതിരെ നിയമപോരാട്ടത്തിന് രാജ്യത്ത് നിയമങ്ങളില്ല. സാമൂഹികനീതി നിഷേധം ചൂണ്ടിക്കാട്ടുക മാത്രമാണ് പ്രസംഗത്തില്‍ ചെയ്തത്. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ ഖേദവും ദുഃഖവുമുണ്ട്. ഒരു പൊതുപ്രവര്‍ത്തകന്‍റെ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു.

അതേസമം സജി ചെറിയാനെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. നാവു പിഴയാകാമെന്നാണ് സംഭവത്തോട് എംഎ ബേബി പ്രതികരിച്ചത്. സജി ചെറിയാന്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്.

അതേസമയം സജി ചെറിയാന്‍ ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അവഹേളിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. മന്ത്രി രാജി വെക്കണം. അല്ലെങ്കില്‍ വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വിവാദ പരാമര്‍ശം നിയമസഭയില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.

ഞായറാഴ്ച പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരമാര്‍ശം. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നതെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. പക്ഷേ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് താന്‍ പറയും. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും താന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് താന്‍ പറയുമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *