NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൊള്ളാച്ചിയില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; പതിമൂന്നുകാരി അറസ്റ്റില്‍

പൊള്ളാച്ചി ഗവൺമെൻ്റ് ആശുപത്രിയിൽ നിന്നും നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പതിമൂന്ന് വയസ്സുകാരിയെ കൂടി തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പാലക്കാട് സ്വദേശി ഷംനയോടൊപ്പം തുടക്കം മുതലുണ്ടായിരുന്ന പെൺക്കുട്ടിയാണിത്. സിസിടിവി ദൃശ്യങ്ങളിൽ ഈ പെൺകുട്ടിയെ കാണാൻ കഴിയും. ഇന്നലെ തന്നെ ഷംനയോടൊപ്പം ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയെ അറസ്റ്റ് ചെയ്തത്. ഇവരെ ജുവനൈൽ ഹോമിലേക്ക് മാറ്റും.

 

ഷംനയുടെ അടുത്ത ബന്ധുവാണ് അറസ്റ്റിലായ പെൺകുട്ടി. പ്രസവിച്ചെന്ന ബന്ധുക്കളോട് പറഞ്ഞ കള്ളം പൊളിയുമെന്ന ഘട്ടത്തിലാണ് പാലക്കാട് സ്വദേശി ഷംന പൊള്ളാച്ചി ഗവൺമെൻ്റ് ആശുപത്രിയിൽ നിന്നും നവജാത ശുശുവിനെ തട്ടിക്കൊണ്ടു പോയത്.  കഴിഞ്ഞ ദിവസം പുലർച്ചെയാണ് പൊള്ളാച്ചി ഗവൺമെൻ്റ് ആശുപത്രിയിൽ നിന്നും പ്രദേശവാസികളായ യൂനിസ് – ദിവ്യഭാരതി ദമ്പതികളുടെ നാലു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.

 

തുടർന്ന് പൊള്ളാച്ചി പൊലീസ് നൽകിയ ജാഗ്രതാ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ടു സ്ത്രീകൾ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് പോവുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.പിന്നീട് നടത്തിയ അന്വേഷണത്തിൽ കൊടുവായൂർ സ്വദേശി മണികണ്ഠൻ്റെ വീട്ടിൽ നിന്നും കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി. മണികണ്ഠൻ്റെ ഭാര്യ ഷംനയെ പൊലീസ് അറസ്റ്റു ചെയ്തു. ഒരു വർഷം മുൻപാണ് ഷംനയും മണികണ്ഠനും ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചത്. ഇതിനിടെ ഇവർ ഗർഭിണിയാണെന്ന് പറഞ്ഞതിനെ തുടർന്ന് ആശാ വർക്കർ ആരോഗ്യ പരിശോധനാ റിപ്പോർട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നൽകി വന്നു. ഏപ്രിൽ 22ന് താൻ പ്രസവിച്ചെന്ന് പറഞ്ഞെങ്കിലും ഷംന കുഞ്ഞിനെ കാണിക്കാൻ തയ്യാറായിരുന്നില്ല. കുഞ്ഞ് ഐസിയുവിലാണെന്നും മറ്റുമായിരുന്നു പറഞ്ഞതെന്ന് ബന്ധുക്കളും സ്ഥലത്തെ ആശാ വർക്കറും പറഞ്ഞു. നിരവധി തവണ മണികണ്ഠൻ്റെ വീട്ടുകാർ ആവശ്യപ്പെട്ടിട്ടും ഇവർ കുഞ്ഞിനെ കാണിക്കാൻ തയ്യാറാവാതെ വന്നത് സംശയത്തിന് കാരണമായി.

കുഞ്ഞ് ചികിത്സയിലുണ്ടെന്ന് പറയുന്ന ആശുപത്രിയുടെ മുൻപിലെത്തിയാലും ഭർതൃവീട്ടുകാരെ എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കും. ആശാ വർക്കറോടും ഇതേ സമീപനമായിരുന്നു. കുഞ്ഞിനെ കാണിക്കാത്ത വിവരം മണികണ്ഠനും ആശാവർക്കറും പൊലീസിൽ അറിയിച്ചു. ഇതോടെയാകാം ഷംന നവജാത ശിശുവിനെ തട്ടിക്കൊണ്ടുവന്നതെന്ന് പൊലീസ് കരുതുന്നു.

ഷംനയോടൊപ്പം ഒരാൾ കൂടിയുള്ളതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസമായി ഷംന പൊള്ളാച്ചി ആശുപത്രിയിൽ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിരീക്ഷണം നടത്തിയ ശേഷമാണ് ദിവ്യ ഭാരതിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചത്. രാത്രി ദിവ്യയുടെ കട്ടിലിന് സമീപം കടന്ന ഷംനയും കൂട്ടാളിയും ഇന്നലെ പുലർച്ചെ ദിവ്യ ഉറങ്ങിയതോടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *