ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ സ്ഥാപനം: രാഹുല്‍ ഗാന്ധി


തന്റെ ഓഫീസ് ആക്രമിച്ചതിലൂടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉത്തരവാദിത്വമില്ലായ്മയാണ് കാണിച്ചതെന്നും ഇത് ജനങ്ങളുടെ ഓഫീസ് ആയിരുന്നുവെന്ന് അവര്‍ ഓര്‍ക്കണമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി. കല്‍പ്പറ്റയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമം ഒന്നിനും പരിഹാരമല്ല. എന്നാല്‍ കുട്ടികളുടെ പ്രവര്‍ത്തിയായത് കൊണ്ട് അതിനെ ഗൗരവത്തില്‍ എടുക്കുന്നില്ല. അവരോട് ദേഷ്യവുമില്ല. എങ്കിലും സംഭവം നിര്‍ഭാഗ്യകരമായിരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
എം പി ഓഫീസ് ആക്രമിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ എത്തുന്നത്. ഇന്ന് ഫാര്‍മേഴ്സ് ബാങ്ക് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം രാജ്യത്തെ കര്‍ഷകര്‍ അവഗണിക്കപ്പെടുകയാണെന്നും അവര്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ ലഭിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. ശേഷം കളക്ടറേറ്റില്‍ സംഘടിപ്പിച്ച രണ്ട് ഔദ്യോഗിക പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് രാവിലെയാണ് രാഹുല്‍ കേരളത്തിലെത്തിയത്. കണ്ണൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധിയെ കെ സുധാകരനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. കണ്ണൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്തിയത്. എകെജി സെന്ററിന് നേരെ ബോംബേറുണ്ടായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിട്ടുള്ളത്.