NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എ.കെ.ജി സെന്‍ററിനുനേരെ സ്​​ഫോടകവസ്​തു എറിഞ്ഞു; സംഭവം രാത്രി 11.30 -ഓടെ.

തിരുവനന്തപുരം: സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിലേക്ക് അജ്ഞാതന്‍ സ്ഫോടകവസ്തു എറിഞ്ഞു. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് ബൈക്കിലെത്തിയ യുവാവ് എ.കെ.ജി സെന്‍ററിന്‍റെ പ്രവേശനകവാടത്തിന് മുന്നിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത്.

 

ഉഗ്രശബ്ദം കേട്ട് പ്രധാനഗേറ്റിലുണ്ടായിരുന്ന പോലീസുകാർ ഓടിയെത്തിയെങ്കിലും അക്രമി ബൈക്കിൽ അതിവേഗം കടന്നുകളഞ്ഞു. എ.കെ.ജി. സെന്ററിന്റെ പിന്‍ഭാഗത്തുള്ള എ.കെ.ജി. ഹാളിന്റെ ഗേറ്റിലേക്കാണ് സ്‌ഫോടകവസ്തു എറിഞ്ഞത്.

 

ഇവിടെ മതിലില്‍ തട്ടി സ്‌ഫോടകവസ്തു ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അക്രമി ബൈക്കിൽ കുന്നുകുഴി ഭാഗത്തുനിന്നാണ് എത്തിയത്. ബൈക്ക് നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍നിന്ന് സ്‌ഫോടകവസ്തു എടുത്തെറിയുകയായിരുന്നു.

 

സ്ഫോടകവസ്തു എറിയുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. എ.കെ.ജി. സെന്ററിന്റെ പ്രധാനകവാടത്തില്‍ പോലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പോലീസ് സാനിധ്യം ഉണ്ടായിരുന്നില്ല. ശബ്ദംകേട്ടാണ് അവര്‍ ഓടിയെത്തിയത്.

 

സംഭവം നടക്കുമ്പോൾ സി.പി.എം നേതാവ് പി.കെ.ശ്രീമതി എ.കെ.ജി സെന്‍ററിലുണ്ടായിരുന്നു. വിവരം അറിഞ്ഞ് പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും സ്ഥലത്തെത്തി. അക്രമത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ഇ.പി.ജയരാജന്‍ ആരോപിച്ചു. സെമി കേഡറിന്‍റെ പുതിയ പതിപ്പാണിത്.

 

ഇത്തരത്തിലൂള്ള ഭീകരപ്രവർത്തനം കോൺഗ്രസ് നടത്തിവരികയാണ്.എന്തും ചെയ്യുമെന്ന നിലയിലേക്ക് കോൺഗ്രസ് മാറിയിരിക്കുന്നു. ബാക്കി കാര്യങ്ങളൊക്കെ അന്വേഷണത്തിൽ തെളിയുമെന്നും ജനങ്ങൾ ഇതിനോട് പ്രതികരിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

 

സംഭവമറിഞ്ഞ് സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാറിന്‍റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!