ഒരു ബൈക്കിൽ പറന്ന് അഞ്ചു വിദ്യാർഥികൾ; ലൈസൻസ് റദ്ദാക്കി; ശിക്ഷ സാമൂഹിക സേവനം


ഇടുക്കി: ഒരു സ്കൂട്ടറിൽ 5 കോളജ് വിദ്യാർഥികൾ ഒരുമിച്ച് യാത്ര ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ വണ്ടി ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ് (MVD) അധികൃതർ. ലൈസൻസ് റദ്ദാക്കിയതിനോടൊപ്പം വിദ്യാർഥികൾക്ക് 2,000 രൂപ പിഴയു൦ രണ്ട് ദിവസം സാമൂഹിക സേവനം നടത്താനും നിർദേശം നൽകി. വണ്ടി ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് മൂന്ന് മാസത്തേക്കാണ് റദ്ദാക്കിയിരിക്കുന്നത്. ഇടുക്കി ആർടിഒ ആർ രമണനാണ് സ്കൂട്ടറിൽ ‘പറന്ന’ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്.
ജൂലൈ 2,3 തീയതികളിൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളെ സഹായിക്കാനാണ് ആർടിഒ വിദ്യാർഥികളോട് നിർദേശിച്ചത്. ആശുപത്രി സൂപ്രണ്ടിന് കൈമാറാനുള്ള കത്തും വിദ്യാർഥികളെ ഏൽപിച്ചു. ആശുപത്രി സൂപ്രണ്ട് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി അവസാനിപ്പിക്കുമെന്നു൦ ആർടിഒ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മുരിക്കാശേരി ടൗണിലൂടെ സ്കൂട്ടറിൽ വിദ്യാർഥികൾ ‘പറന്നതിന്റെ’ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ആർടിഒയുടെ നേതൃത്വത്തിൽ അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സോണി ജോൺ, നെബു ജോൺ എന്നിവർ അന്വേഷണം നടത്തി സ്കൂട്ടർ കണ്ടെത്തി. തുടർന്ന് വിദ്യാർഥികളെ മാതാപിതാക്കളോടൊപ്പം ഇടുക്കി ആർടിഒ ഓഫിസിലേക്ക് വിളിച്ചുവരുത്തി മേലാൽ കുറ്റം ചെയ്യില്ലെന്ന് അവരുടെ മുന്നിൽ വെച്ച് പ്രതിജ്ഞ ചെയ്യിച്ച ശേഷമാണ് പറഞ്ഞയച്ചത്.