NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വയനാട്ടിൽ കോൺഗ്രസിന്‍റെ കൂറ്റൻ റാലി; പൊലീസുമായി വാക്കേറ്റവും ഉന്തുംതള്ളും

രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച എസ്എഫ് ഐക്കെതിരെയുള്ള പ്രതിഷേധത്തിൽ മുങ്ങി കൽപറ്റ നഗരം. നൂറുകണക്കിനാളുകൾ പങ്കെടുത്ത യുഡിഎഫ് പ്രതിഷേധ റാലിക്കിടെ പൊലീസുമായി പ്രവർത്തർ വാക്കേറ്റമുണ്ടായി. രാഹുൽഗാന്ധിയുടെ ആക്രമിക്കപ്പെട്ട ഓഫീസ് പ്രതിപക്ഷ നേതാവ് സന്ദർശിച്ചതിന് പിന്നാലെ കൽപറ്റ പ്രതിഷേധങ്ങളിൽ മുങ്ങി. ക്ഷമ നശിച്ചാൽ ഒരൊറ്റ സിപിഎമ്മുകാരനും പുറത്തിറങ്ങി നടക്കില്ലെന്നും എതിർക്കാനും തിരിച്ചടിക്കാനും കോൺഗ്രസിന് കഴിവുണ്ടെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.

‘പ്രതിരോധിക്കാനുള്ള ശക്തി ഞങ്ങൾക്കുമുണ്ടെന്ന് സി പി എം അറിയുക. ബഫർസോണിൽ രാഹുൽഗാന്ധിക്ക് മാത്രമെന്താണ് ഉത്തരവദിത്വം. ഇത്രയും അവിവേകം കാണിച്ചൊരു വിദ്യാർഥി സംഘടനയില്ല. ആത്മരക്ഷക്ക് ഞങ്ങളൊരു പിടി പിടിച്ചാൽ പിന്നെ പറയേണ്ടി വരില്ല കാര്യങ്ങൾ. പൊലീസ് ആത്മാഭിമാനം സി പി എമ്മിന് പണയപ്പെടുത്തിയിരിക്കുന്നു. ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയൊരു മുഖ്യമന്ത്രി ലോകത്തെവിടെയും കാണില്ല’- കെ സുധാകരൻ പറഞ്ഞു. എസ്എഫ്ഐക്കാരുടെ ആയുധമിപ്പോൾ വാഴക്കുമ്പാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ആക്രമണത്തിന് പിണറായി സമാധാനം പറയണമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസും പ്രവർത്തകരും തമ്മിൽ ചില സ്ഥലങ്ങളിൽ ഉന്തും തള്ളുമുണ്ടായി. ഒരു ഘട്ടത്തിൽ പൊലീസിനെതിരെ പ്രവർത്തകർ തിരിയുകയും കൈയ്യേറ്റം ചെയ്യാനുള്ള ശ്രമവും നടന്നു. ഷാഫി പറമ്പിൽ എം എൽഎ അടക്കമുള്ള നേതാക്കൾ ഉടൻ സ്ഥലത്ത് എത്തി പ്രവർത്തകരെ അനുനയിപ്പിച്ചു. സംഘ‌ര്‍ഷ സാധ്യത കണക്കിലെടുത്ത് സിപിഎം, കോൺഗ്രസ് ഓഫീസ് പരിസരമുൾപ്പെടെ ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്.

അതിനിടെ വി ഡി സതീശൻറെ വാർത്താസമ്മേളനത്തിടെ DCC ഓഫീസിൽ വച്ച് ചോദ്യമുന്നയിച്ച ദേശാഭിമാനി ലേഖകനെതിരെ കോൺഗ്രസ് പ്രവർത്തകർ ബഹളം വച്ചപ്പോൾ പൊലീസ് അകത്ത് കയറി. എന്നാൽ നേതാക്കൾ രംഗത്തെത്തി പൊലീസിനെ പിന്തിരിപ്പിക്കുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധറാലി കൽപറ്റ നഗരത്തിലെത്തിയപ്പോൾ ജനസാഗരമായി. ഇതിനിടെ പൊലീസും യുഡിഎഫ് പ്രവർത്തകരും പലയിടത്തും ഉന്തും തള്ളുമായി. തുടർന്ന് നടന്ന പൊതുയോഗത്തിൽ യുഡിഎഫ് നേതാക്കൾ സി പി എമ്മിനെതിരെ ആഞ്ഞടിച്ചു. കെ സി വേണുഗോപാൽ, കെ സുധാകരൻ, കെ മുരളീധരൻ, കെ എം ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ഈ മാസം 30 ന് രാഹുൽഗാന്ധി കൽപറ്റയിലെത്തും. മൂന്ന് ദിവസം അദ്ദേഹം മണ്ഡലത്തിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *